പ്രളയം തകര്‍ത്ത കേരളത്തിന് കൈത്താങ്ങാവാന്‍ ഗണിതഗവേഷകനും അമേരിക്കയിലെ പ്രമുഖ ഗണിത വിദ്യാഭ്യാസ പ്രചാരകനുമായ കനേഡിയന്‍ മലയാളി പ്രഫ. ജോര്‍ജ് ആര്‍. തോമസിന്റെ കേരള മാരത്തോണിന് ജില്ലയില്‍ സമാപനമായി. നവംബര്‍ ഏഴിന് തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത മാരത്തോണ്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശമായ തലപ്പാടിയിലാണ് സമാപനം കുറിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരന്തം നേരിട്ട കേരളത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ പൊതു സമൂഹത്തിന് പ്രചോദനം നല്‍കാനാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓടിത്തീര്‍ത്തതെന്ന് ജോര്‍ജ് ആര്‍. തോമസ് പറഞ്ഞു. നവകേരള നിര്‍മ്മിതിക്കായി വലിയൊരു സംഖ്യ ചിലവഴിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കലാണ് മാരത്തോണിലൂടെ ലക്ഷ്യമിടുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയാണ് മാരത്തോണിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. രാവിലെ ആറരയോടെ ആരംഭിച്ച് ഉച്ചയോടെ ഏകദേശം 20 മുതല്‍ 25ഓളം കിലോമീറ്റര്‍ ഓടിത്തീര്‍ക്കുന്ന ജോര്‍ജ് തോമസ് പിന്നീട് വൈകുന്നേരം വരെ പരിസര പ്രദേശങ്ങളിലെ സ്‌കൂളുകളിലും കോളേജുകളിലും ഗണിത ക്ലാസ് എടുക്കും. വിദ്യാര്‍ത്ഥികളോട് സംവദിക്കന്നതിലൂടെ ശ്രമകരമായ ഈ യജ്ഞത്തിനുള്ള ഊര്‍ജം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹൈവേകളിലെ സമീപത്തായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം മറ്റു രാജ്യങ്ങള്‍ മാലിന്യ പ്രശ്നം എങ്ങനെ പരിഹരിക്കുന്നതെന്ന് നമ്മള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.