മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നതിനായി പൊതുസമൂഹത്തിന് പ്രചോദനം നല്‍കാന്‍ കേരള മാരത്തണ്‍ നടത്തിയ ഗണിത ഗവേഷകനും അമേരിക്കയിലെ പ്രമുഖ ഗണിത വിദ്യാഭ്യാസ പ്രചാരകനുമായ കനേഡിയന്‍ മലയാളി പ്രഫ. ജോര്‍ജ് ആര്‍. തോമസിന് കേന്ദ്രകേരള സര്‍വകലാശാലയില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ജോര്‍ജ് ആര്‍. തോമസിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
നവകേരള നിര്‍മ്മിതിക്കായി എഴുപത്തിരണ്ടാം വയസ്സിലും കേരളത്തിലുടനീളം ഓടിത്തീര്‍ത്ത ജോര്‍ജ് തോമസ് നമ്മുടെ സമൂഹത്തിന് പ്രചോദനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍ പറഞ്ഞു. ചെറിയ ലക്ഷ്യങ്ങള്‍വച്ച് അവയെ പ്രാപിക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടമാണെന്നും എപ്പോഴും വലിയ ലക്ഷ്യങ്ങള്‍ മാത്രമേ മനസ്സില്‍ സൂക്ഷിക്കാവൂ എന്നും മൈക്കല്‍ ആഞ്ചലോയെ ഉദ്ധരിച്ച് ജോര്‍ജ് തോമസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 150 വര്‍ഷത്തോളമായി പ്രഹേളികയായി തുടരുന്ന റീമാന്‍ ഹൈപ്പോതീസിസ് പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയായിരിക്കണം വിദ്യാര്‍ത്ഥികള്‍ ലക്ഷ്യം വെക്കേണ്ടതെന്നും ഗണിത ഗവേഷണത്തില്‍ ഇനിയും കൂടുതല്‍ മുന്നേറാനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് മേധാവി പ്രൊഫ. കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ബയോളജിക്കല്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ. ഡെന്നിസ് തോമസ്, പ്രൊഫ. വിന്‍സന്റ് മാത്യു, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.