ശബരിമല, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വിശുദ്ധിസേനാംഗങ്ങളെ സന്നിധാനത്ത് നടന്ന ചടങ്ങില്‍ അനുമോദിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈക്കോടതി നിരീക്ഷണസമിതി ചെയര്മാന് ജസ്റ്റിസ് പി.ആര്. രാമന് അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്തു. നിരീക്ഷണസമിതി അംഗങ്ങളായ ജസ്റ്റിസ് എസ്. സിരിജഗന്, എ.ഡി.ജി.പി. എ. ഹേമചന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായി. സ്പെഷ്യല്‍ കമ്മീഷ്ണര്‍ എം. മനോജ്, ജില്ലാ കലക്ടര്‍ പി.ബി. നൂഹ്, ദേവസ്വംബോര്ഡംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, ദേവസ്വം കമ്മീഷ്ണര്‍ എന്‍. വാസു, സാനിട്ടേഷന്‍ സൊസൈറ്റി മെംബര്‍ സെക്രട്ടറി എം.എ. റഹീം, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി. ശങ്കരന്‍പോറ്റി, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ വി. സുധീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശബരിമലയിലെ ശുചീകരണത്തിനായി 1993ലാണ് സാനിട്ടേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. ജില്ലാ കലക്ടര്‍ ചെയര്‍മാനും അടൂര്‍ ആര്.ഡി.ഒ. മെംബര്‍ സെക്രട്ടറിയുമായ സാനിട്ടേഷന്‍ സൊസൈറ്റി കഴിഞ്ഞ 25വര്‍ഷക്കാലമായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ശുചീകരണരംഗത്ത് കാഴ്ചവെയ്ക്കുന്നത്. ഈവര്‍ഷം 1000 വിശുദ്ധിസേനാംഗങ്ങളെയാണ് അയ്യപ്പസേവാസംഘം മുഖേന തമിഴ്നാട്ടില്‍നിന്നും സേവനത്തിന് എത്തിച്ചിട്ടുള്ളത്. ഇവര്‍ക്ക് പ്രതിദിനം 400രൂപയാണ് വേദനം നല്‍കുന്നത്. സന്നിധാനത്ത് 300പേരെയും പമ്പയില്‍ 315പേരെയും നിലയ്ക്കലില്‍ 350പേരെയും പന്തളം, കുളനട എന്നിവിടങ്ങളിലായി 25പേരേ വീതവുമാണ് നിയോഗിച്ചിട്ടുള്ളത്. ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ഭാഗമായി 2015 മുതല്‍ മിഷന്‍ഗ്രീന്‍ ശബരിമല എന്ന പദ്ധതിയും ആരംഭിച്ചു. തീര്‍ഥാടനം പൂര്‍ണമായും ഹരിതമാനദണ്ഡം പാലിച്ച് നടത്തുന്നതിനുവേണ്ടിയാണ് ഈ പദ്ധതി. പ്ലാസ്റ്റിക് വിരുദ്ധബോധവല്‍ക്കരണം, തുണിസഞ്ചികളുടെ വിതരണം തുടങ്ങി പൂങ്കാവനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും മിഷന്‍ഗ്രീന്‍ ശബരിമല വ്യാപകമായ പ്രചരണം നല്‍കുന്നുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് എല്ലാവിശുദ്ധിസേനാംഗങ്ങള്ക്കും പ്രത്യേക ഉപഹാരം ദേവസ്വംബോര്‍ഡ് നല്‍കുമെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.
