ശബരിമല: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി പറഞ്ഞു. ശബരിമല സന്നിധാനത്തെ ക്രമീകരണങ്ങള്‍ വിലയിരുത്തിയശേഷം വിവിധവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമിതിയംഗങ്ങള്‍. ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിന് ബുദ്ധിമുട്ടുള്ള ഒരുസാഹചര്യവും പരിശോധനയില്‍ കാണുവാന്‍ കഴിഞ്ഞില്ല. നിലയ്ക്കലില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും തൃപ്തികരമാണ്. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പമ്പയില്‍ അധികമായി ചിലക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് സമിതി പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്നിട്ടുള്ളതിനാല്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതിന് സുരക്ഷയ്്ക്കായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം. കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കണം.
തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കെ.എസ്.ആര്‍.ടിസി. നിലയ്ക്കലില്‍ നിന്ന് ആവശ്യാനുസരണം ചെയിന്‍സര്‍വീസുകള്‍ നടത്തണം. പമ്പയിലേയക്ക് സ്വകാര്യവാഹനങ്ങള്‍ അനുവദിക്കാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും സമിതി നിര്‍ദേശിച്ചു. നിലവില്‍ 159ബസുകളാണ് സര്‍വീസ് നടത്തുന്നതെന്നും തിരക്കിനനുസരിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. സന്നിധാനത്തെ വലിയനടപ്പന്തലിന്റെ തുടക്കത്തിലുള്ള സഹസ് കാര്‍ഡിയോളജി സെന്ററിന്റെ പിന്നിലൂടെയുള്ള നിര്‍ദ്ദിഷ്ട ട്രാക്ടര്‍പാതയുടെ നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കുന്നതിന് വനംവകുപ്പ് സത്വരനടപടികള്‍ സ്വീകരിക്കാന്‍ സമിതി നിര്‍ദേശിച്ചു. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും സമിതി അറിയിച്ചു. സമിതി ചെയര്‍മാന്‍ ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍. രാമന്‍, സമിതിയംഗങ്ങളായ ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍, എ.ഡി.ജി.പി. എ. ഹേമചന്ദ്രന്‍ എന്നിവരാണ് ശബരിമലയിലെ വിവിധക്രമീകരണങ്ങള്‍ വിലയിരുത്തിയത്.
ശബരിമല സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ എം. മനോജ്, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, എ.ഡി.ജി.പി. അനില്‍കാന്ത്, ജില്ലാ കലക്ടര്‍ പി.ബി. നൂഹ്,  ദേവസ്വം കമ്മീഷ്ണര്‍ എന്‍. വാസു, എ.ഡി.എം. വി.ആര്‍. പ്രേംകുമാര്‍, പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ കറുപ്പസ്വാമി, ദേവസ്വംബോര്‍ഡ് ചീഫ് എന്‍ജിനീയര്‍മാരായ വി. ശങ്കരന്‍പോറ്റി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.