കാസർഗോഡ്: മണ്ണും ജലവും സംരംക്ഷിക്കേണ്ട ആവശ്യകത കൂടിവരുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ലയാണു നമ്മുടേതെങ്കിലും വേനല്‍ക്കാലമാകുന്നതോടെ പലഭാഗങ്ങളിലും വെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു പറഞ്ഞു. മണ്ണ് പര്യവേക്ഷണ -മണ്ണ് സംരക്ഷണ വകുപ്പിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോകമണ്ണ് ദിനാഘോഷ പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയെ ജലസമ്പുഷ്ടമാക്കുകയെന്ന പദ്ധതി കാസര്‍കോടിന്റെ അടുത്ത പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്നും ഹരിതകേരളം മിഷനുമായി സഹകരിച്ച് ഓരോ പഞ്ചായത്തിലും വെള്ളസോത്രസ്സ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ ചെങ്കള ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചുകഴിഞ്ഞു. അതേസമയം പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് ശേഖരിച്ച് സര്‍ക്കാര്‍ തലത്തില്‍ വിവിധ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കും. കൂടാതെ ലൈഫ് പദ്ധതിക്കും ഇതു വിനിയോഗിക്കും. ഇതിനുശേഷമേ സ്വകാര്യവ്യക്തികള്‍ക്കു മണ്ണ് കൈമാറുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ചേശ്വരം, കാറഡുക്ക, കാസര്‍കോട് ബ്ലോക്കുകളിലായി 15,000 ഹെക്ടര്‍ ഭൂമി ചെങ്കല്ല് കാരണം കൃഷിചെയ്യാന്‍ സാധ്യമല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്തുകയും മുള കൃഷിക്ക് അനുയോജ്യമാണെന്നു കണ്ടെത്തുകയും തുടര്‍ന്ന് അടുത്ത ജൂണ്‍ അഞ്ചിന് മൂന്നു ലക്ഷം മുളത്തൈകള്‍ നട്ടുകൊണ്ട് മുളകൃഷിക്ക് തുടക്കം കുറിച്ച് ജില്ലയെ മുളയുടെ തലസ്ഥാനമാക്കുകയെന്ന പദ്ധതി നടപ്പിലാക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ അധ്യക്ഷനായി. മണ്ണിന്റെ ആരോഗ്യ പരിപാലനം, മണ്ണ്- ജല സംരംക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.വീണാറാണിയും കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ കെ.പി മിനിയും സെമിനാര്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്തിനു കീഴിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട നാരായണന്‍ നമ്പൂതിരി, രാഘവന്‍ വെളിച്ചപ്പാട്, സി.നാരായണന്‍, കെ.വി ശാന്ത, ടി.വി ജനാര്‍ദ്ദന്‍,എ.നാരായണന്‍ എന്നിവരെയും ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷകനായി തെരഞ്ഞെടുത്ത സി.ബാലകൃഷ്ണന്‍ നായരെയും ജില്ലാ പഞ്ചായത്ത് അംഗം എം.കേളുപണിക്കര്‍ ആദരിച്ചു.
മണ്ണ് സംരക്ഷണദിനത്തോട് അനുബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനവിതരണം നമ്പീശന്‍ വിജയേശ്വരി നിര്‍വഹിച്ചു. മണ്ണ് സംരംക്ഷണത്തിനെക്കുറിച്ചുള്ള വിഷയാവതരണവും പ്രതിജ്ഞയും ജില്ലാ മണ്ണ് സംരംക്ഷണ ഓഫീസര്‍ വി.എം അശോക് കുമാര്‍ നിര്‍വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസിഡന്റ് കെ.പ്രമീള, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുള്‍ റഹ്മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.ഇന്ദിര, വാര്‍ഡ് അംഗം വി.ശശി, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രമണ്യന്‍, കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അനില്‍ വര്‍ഗീസ്, പി.ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സോയില്‍ സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.സത്യനാരായണന്‍ സ്വാഗതവും മടിക്കൈ കൃഷി ഓഫീസര്‍ കെ.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ഉല്പന്നങ്ങളുടെ വില്പ്പന പ്രദര്‍ശനവും, കുട്ടികളുടെ ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു.