പാലക്കാട്: കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച നിര്‍മാണമേഖലയിലെ വനിതാകൂട്ടായ്മയായ ‘സംഘടിത’ യുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ നിര്‍മിച്ച ആദ്യത്തെ വീടിന്റെ താക്കോല്‍ദാനം സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പഴ്സണ്‍ കെ.എസ്.സലീഖ നിര്‍വഹിച്ചു. ലൈഫ് ഭവനപദ്ധതി ഗുണഭോക്താവായ മഠത്തില്‍ സുരേഷ്ബാബുവിനാണ് വീട് നിര്‍മിച്ച് നല്‍കിയത്. സംസ്ഥാന സാമൂഹ്യസുരക്ഷാമിഷനാണ് വീട് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്. 51 ദിവസത്തെ പരിശീലന പരിപാടിക്കിടെതന്നെ 29 അംഗ സംഘം വീട് പണി പൂര്‍ത്തീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നല്‍കിയ നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് 420 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് മുറികള്‍, ഹാള്‍, അടുക്കള, ടോയ്ലറ്റ് എന്നിവ ഉള്‍പ്പെടുന്ന വീട് നിര്‍മിച്ചത്. പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. പ്രളയബാധിതര്‍ക്കുള്ള കുടുംബശ്രീ ഡിസ്‌കൗണ്ട് കാര്‍ഡ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) ഡയറക്ടര്‍ എന്‍.ഹരിദാസനും യൂണിഫോം വൈസ്പ്രസിഡന്റ് എം.രുഗ്മിണിയും സര്‍ട്ടിഫിക്കറ്റുകള്‍ കുടുംബശ്രീ എ.ഡി.എം.സി പ്രേമദാസും വിതരണം ചെയ്തു. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍.ഷാജു ശങ്കര്‍ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി എം.സി. കുഞ്ഞഹമ്മദ് കുട്ടി, സി.ഡി.എസ്.ചെയര്‍പഴ്സണ്‍ പി.ഉഷാറാണി, വി.സി.ഉണ്ണിക്കൃഷ്ണന്‍, പി.കെ.ഗംഗാധരന്‍, കെ.എസ്. മധു, മാധവിക്കുട്ടി, ലജീഷ്, സുരേഷ് ബാബു, രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
