മലമ്പുഴ നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കുന്നനൂര്‍ ആത്മ ട്രെയ്നിങ് ഹാളില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ മലമ്പുഴ നിയോജക മണ്ഡലത്തിന് കീഴിലെ പഞ്ചായത്ത് അധികൃതരുടെയും കൃഷി, മണ്ണ്, ജലസംരക്ഷണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, ജലസേചനം എന്നീ വകുപ്പധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. മണ്ഡലത്തിന്റെ പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പ്രാദേശികമായ വിഭവ സാധ്യതകള്‍ പ്രയോജനപ്പെടുത്തി 2019-20 വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തി പുതിയ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബെന്നി ജോസഫ് പദ്ധതി വിശദീകരണം നടത്തി. ജലസേചനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ നെല്‍കൃഷി വിപുലമാക്കാന്‍ യോഗം തീരുമാനിച്ചു. മൃഗസംരക്ഷണത്തിലൂടെ എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ കൂടുതല്‍ വികസനം സാധ്യമാക്കാമെന്ന് കണ്ടെത്തി. മരുതറോഡ്, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളില്‍ സംയോജിത കൃഷിക്കാണ് പ്രാധാന്യം നല്‍കുന്നത്. മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങളുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്പൈസ് വില്ലേജ് പദ്ധതി ആവിഷ്‌കരിക്കാനും മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ കൂര്‍ക്ക അടക്കമുള്ള കിഴങ്ങ്വര്‍ഗ കൃഷികള്‍ വ്യാപിപ്പിക്കാനും തീരുമാനമായി. സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്ന് മലമ്പുഴ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ലക്ഷ്മിദേവി അറിയിച്ചു. മലമ്പുഴ ഡാം ഉദ്യാനത്തിന് സമീപത്തുള്ള പ്രദേശങ്ങളില്‍ ഫാം ടൂറിസം സാധ്യതകള്‍ മലമ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്മെന്റ് ഫാമിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷീന വിശദീകരിച്ചു. നിലവിലുള്ള ഫാമിന്റെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മലമ്പുഴ ഡാം ഗാര്‍ഡനുമായി ബന്ധപ്പെടുത്തിയുള്ള സാധ്യതകളാണ് വിശകലനം ചെയ്തത്. ഡിസംബര്‍ 15നകം പദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്റെ പി.എ എന്‍.അനില്‍കുമാര്‍ നിര്‍ദ്ദേശിച്ചു. വാളയാര്‍ ഡിവിഷന് കീഴിലുള്ള 20 കുളങ്ങള്‍, ചെറു ചാലുകള്‍ എന്നിവ വൃത്തിയാക്കിയാല്‍ ജലസേചനത്തിനും മത്സ്യകൃഷി വ്യാപിപ്പിക്കാനും കഴിയുമെന്ന് വാളയാര്‍ ഡിവിഷന്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. മുഴുവന്‍ തരിശു ഭൂമിയിലും കൃഷി ഇറക്കുക, തൊഴിലുറപ്പ് പദ്ധതി ഈ പദ്ധതിയുമായി ഏകോപിപ്പിക്കുക, കല്‍പ്പാത്തി പുഴയോരത്തും ദേവസ്വംബോര്‍ഡ് അധീനതയിലുള്ള തരിശു നിലങ്ങളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗം അംഗീകരിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജലക്ഷ്മി അധ്യക്ഷയായ യോഗത്തില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.