എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമീപനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതി തികച്ചും മാതൃകാപരമാണെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. സമൂഹത്തിനും സര്‍ക്കാരിനുമുണ്ടായ മനോഭാവത്തിലെ മാറ്റമാണ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മനോഹാരിതയും മെച്ചപ്പെട്ട സൗകര്യങ്ങളും അംഗപരിമിതര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പാലക്കാട് കോട്ടയ്ക്ക് സമീപമുള്ള വാടിക ശിലാവാടിക ഉദ്യാനത്തില്‍ നിര്‍വഹിക്കുകയായിരുന്നു എം.പി. ഇത്തരത്തില്‍ എല്ലാ പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദ്ദമാകേണ്ടതുണ്ട്. മറ്റ് വകുപ്പുകളും ഈ മാതൃകാപരമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.പി കൂട്ടിചേര്‍ത്തു. നഗരസഭാ ചെയര്‍പേഴ്‌സന്‍ പ്രമീളാ ശശിധരന്‍ അധ്യക്ഷയായ പരിപാടിയില്‍ പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ.യൂസഫ്, ഡി.ടി.പി.സി നിര്‍ഹാക സമിതി അംഗം ടി.ആര്‍ അജയന്‍, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആര്‍.സന്തോഷ്, ഡി.ടി.പി.സി. സെക്രട്ടറി കെ.ജി അജേഷ് എന്നിവര്‍ പങ്കെടുത്തു. ഭിന്നശേഷിദിനത്തില്‍് ഡി.ടി.പി.സിക്ക് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ വിഭാഗക്കാര്‍ക്ക്് സൗജന്യപ്രവേശനമായിരുന്നു. വാക്കിംഗ് സ്റ്റിക്കും വീല്‍ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. ബ്രെയ്ലി ലിപി സൈന്‍ ബോര്‍ഡും ഓഡിയോ സിസ്റ്റവും ഉടന്‍ എത്തും.

ടൂറിസം വകുപ്പ് അനുവദിച്ച 74 ലക്ഷം ചിലവിട്ട് ജില്ലയിലെ പത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതി പ്രകാരം ഭിന്നശേഷി വിഭാഗത്തിന് ആവശ്യമുളള വീല്‍ചെയറുകള്‍, വാക്കിംഗ് സ്റ്റിക്കുകളും ഉള്‍പ്പെട്ട സാമഗ്രികള്‍ ഡി.റ്റി.പി.സി സജ്ജമാക്കിയിട്ടുണ്ട്. മലമ്പുഴ ഡാം, റോക്ക് ഗാര്‍ഡന്‍, വാടികശിലാവാടിക ഉദ്യാനം, കാഞ്ഞിരപുഴ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ പാര്‍ക്ക്, അനങ്ങന്‍മല, വെള്ളിയാംങ്കല്ല് പൈതൃക പാര്‍ക്ക്, മംഗലം ഡാം ഉദ്യാനം, പോത്തുണ്ടി ഡാം, തസ്രാക്ക് ഒ.വി.വിജയന്‍ സ്മാരകം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷി സൗഹൃദ്ദ റാമ്പുകളും പുരുഷ-സത്രീ ശുചിമുറികളും ഹാന്‍ഡ് റെയിലുകളും പദ്ധതിയുടെ ഭാഗമായി ഈ പത്ത് കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. അന്ധരായ വിനോദസഞ്ചാരികള്‍ക്കായി ഓഡിയോ സിസ്റ്റവും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി ഉദ്ദേശിക്കുന്നുണ്ട്. ബട്ടണ്‍ അമര്‍ത്തിയാല്‍ പോകേണ്ട വഴി ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഹെഡ്സെറ്റ് വഴി ഇവര്‍ക്ക് കേള്‍ക്കാന്‍ കഴിയും. ഇവര്‍ക്കായി ബ്രെയ്ലി ലിപിയുളള സൈന്‍ ബോര്‍ഡുകളും ഈ പത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഉടന്‍ നിലവില്‍ വരും. നിര്‍മിതി കേന്ദ്രമാണ് ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.