ദേവസ്വംബോര്‍ഡിന്റെ അന്നദാനത്തില്‍ പങ്കെടുത്തത്  2.31ലക്ഷം തീര്‍ത്ഥാടകര്‍
ശബരിമല: സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. നവംബര്‍ 17മുതല്‍ ഡിസംബര്‍ നാലുവരെ 2,31,486 തീര്‍ത്ഥാടകരാണ് ദേവസ്വംബോര്‍ഡിന്റെ അന്നദാനത്തില്‍ പങ്കെടുത്തത്. ഇടവേളകളോടെ 24മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്. രാവിലെ ഏഴുമണിമുതല്‍ 11 മണിവരെയാണ് പ്രഭാതഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് വിഭവങ്ങള്‍. ഉച്ചയ്ക്ക് 12മുതല്‍ മൂന്നുവരെയാണ് ഉച്ചഭക്ഷണം. ചോറ്, സാമ്പാര്‍, അവിയലുമാണ് വിഭവങ്ങള്‍. കഞ്ഞി., ചെറുപയര്‍, അച്ചാര്‍ ഉള്‍പ്പടെയുള്ള രാത്രി ഭക്ഷണം വൈകീട്ട് 7മുതല്‍ 11വരെയാണ്. രാത്രി 12 മുതല്‍ വെളുപ്പിന് അഞ്ചുവരെ ഉപ്പുമാവ്, ഉള്ളിക്കറി എന്നിവയടങ്ങിയ ലഘുഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
പൂര്‍ണമായും അത്യാധുനിക സംവിധാനങ്ങളോടെയുള്ള പാചകസംവിധാനങ്ങളാണ് അന്നദാനമണ്ഡപത്തില്‍ ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. പാത്രം കഴുകുന്നതിനുള്ള ഓട്ടോമാറ്റിക് ഡിഷ്‌വാഷ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ശുചിത്വത്തിന് പ്രത്യേകപരിഗണന തന്നെയാണ് അന്നദാനമണ്ഡപത്തില്‍ ഒരുക്കിയിട്ടുള്ളത്. ഒരുസമയം 1600പേര്‍ക്ക് ഭക്ഷണം വിളമ്പുന്നതിനുള്ള ക്രമീകരണം അന്നദാനമണ്ഡപത്തിലുണ്ട്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജയകുമാര്‍, അന്നദാനം സ്‌പെഷ്യല്‍ ഓഫീസര്‍ വിനോദ്, ജി. സുജാതന്‍നായര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്നദാനം നടക്കുന്നത്. ഹരിപ്പാട് കരുവറ്റ സ്വദേശിയായ ആര്‍. പത്മനാഭന്‍നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം പാചകം ചെയ്യുന്നത്. കഴിഞ്ഞ 17വര്‍ഷമായി ഇദ്ദേഹമാണ് ശബരിമല സന്നിധാനത്തെ അന്നദാനമണ്ഡപത്തിലെ പാചകത്തിന്റെ ചുമതല വഹിക്കുന്നത്. പാചകത്തിന് 50 തൊഴിലാളികളേയും ശുചീകരണത്തിന് 180 തൊഴിലാളികളേയുമാണ് നിയോഗിച്ചിട്ടുള്ളത്.