തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷനിംഗ് തുടങ്ങിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുന്ന ബാലറ്റ് പേപ്പറുകള്‍ ക്രമീകരിച്ച് മെഷീനുകളെ വോട്ടെടുപ്പിനായി സജ്ജമാക്കുന്നതാണ് കമ്മീഷനിംഗ് പ്രക്രിയ. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അതത് മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍

വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടപടികള്‍ പുരോഗമിക്കുന്നത്. കൊല്ലം കോര്‍പ്പറേഷന്‍, മുഖത്തല, അഞ്ചല്‍, ശാസ്താംകോട്ട ബ്ലോക്കുകളില്‍ പ്രവര്‍ത്തനം തുടരുകയാണ്. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചവറ, ചടയമംഗലം ബ്ലോക്കുകളില്‍ ഡിസംബര്‍ നാലിനും ഇത്തിക്കര ബ്ലോക്കില്‍ ഡിസംബര്‍ അഞ്ചിനും ഇ.വി.എം കമ്മീഷനിംഗ് നടക്കുമെന്നും അറിയിച്ചു.