കൊല്ലം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 എൻഎസ്എസ് വോളൻ്റിയർമാർക്ക് വേണ്ടിയുള്ള 7 ദിവസത്തെ ദുരന്തനിവാരണ പരിശീലന ക്യാമ്പ് കൊട്ടിയം ക്രിസ്തു ജ്യോതിസ്സ് ആനിമേഷൻ സെൻ്ററിൽ ആരംഭിച്ചു. ജില്ലാ കലക്ടർ എൻ ദേവിദാസ് ഉദ്ഘാടനം ചെയ്തു.ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, നാഷണൽ സർവ്വീസ് സ്കീം എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സമൂഹ അധിഷ്ഠിത ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുവജന പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ദുരന്തനിവാരണത്തിൻ്റെ അടിസ്ഥാന ആശയങ്ങൾ, ദുരന്ത സാധ്യതകൾ കുറയ്ക്കൽ, തിരച്ചിലും രക്ഷാപ്രവർത്തനവും കാര്യക്ഷമമാക്കൽ, പ്രഥമ ശുശ്രൂഷ, അടിയന്തിര സഹായമെത്തിക്കൽ, മുന്നറിയിപ്പ് സംവിധാനങ്ങൾ, സമൂഹതല ഏകോപനം എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. മണ്ണിടിച്ചിൽ, പ്രളയം, വെള്ളത്തിലുണ്ടാകുന്ന അപകടം, റോഡപകടങ്ങൾ, തീപിടിത്തം, വനവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങൾ, തുടങ്ങിയ അടിയന്തിര ഘട്ടങ്ങളിൽ ജില്ലാ ഭരണകൂടത്തെ സഹായിക്കാൻ പ്രാപ്തരായ സന്നദ്ധ പ്രവർത്തകരെ പരിശീലിപ്പിച്ചെടുക്കുകയാണ്.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഐ.ഡി കാർഡ്, യൂണിഫോം, എമർജൻസി റസ്പോൺസ് കിറ്റ് എന്നിവ ലഭിക്കും, ചടങ്ങിൽ എൻ എസ് എസ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ട്രെയിനിംഗ് പ്രോഗ്രാം ഡിസ്ട്രിക്ട് കോർഡിനേറ്റർ ഡോ. ഗോപകുമാർ ജി അദ്ധ്യക്ഷനായി. ഡി. ഡി.എം.എ ജൂനിയർ സൂപ്രണ്ട് എം രമേശൻ, വിവിധ സെല്ലുകളുടെ ജില്ലാ ചാർജ് വഹിക്കുന്ന അൻസിയ എസ്, വിജയലക്ഷമി ടി സുരേഷ് ജി, അരുൺകുമാർ എ, ആശ ജി, ലക്ഷ്മി മോഹൻ, ആപ്ദാ മിത്ര മാസ്റ്റർ ട്രെയിനർ ഷർമിള എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ജില്ലാ ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ് സ്വാഗതവും എൻ എസ് എസ് വോളന്റിയർ റെഹ്‌ന എസ് നന്ദിയും പറഞ്ഞു. ക്യാമ്പ് ജനുവരി 22 ന് സമാപിക്കും.
