ഇടത്തറ അറബിക് കോളജ് ജംഗ്ഷൻ- കുമ്പിക്കൽ കനാൽ ജംഗ്ഷൻ റോഡ്, നെടുംപറമ്പ് തെക്കേക്കര തെങ്ങുവിള റോഡ് എന്നിവയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. പത്തനാപുരം ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പത്തനാപുരം ടൗണിലെ റോഡിൻ്റെ നിർമ്മാണവും പുരോഗമിക്കുന്നു. 98 കോടി രൂപ ചെലവിൽ ഒരുക്കുന്ന പത്തനാപുരം ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇടത്തറ വഴി കോന്നി മെഡിക്കൽ കോളജ് റൂട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജിയാസുദീൻ അധ്യക്ഷനായി. കുമ്പിക്കൽ മുതൽ തെങ്ങുംവിള വരെ നടത്തിയ റോഡ് ഷോയിൽ സർവീസ് അനുവദിച്ച ഓർഡിനറി ബസും അനുഗമിച്ചു. നെടുംപറമ്പ് തെക്കേക്കര തെങ്ങുവിള റോഡിന് ഒരു കോടിയും ഇടത്തറ അറബിക് കോളജ് ജംഗ്ഷൻ- കുമ്പിക്കൽ കനാൽ ജംഗ്ഷൻ റോഡിന് 4.16 കോടി രൂപയുമാണ് പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽ നിന്നും നിർമ്മാണത്തിനായി അനുവദിച്ചത്. ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.