ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയും സാഹോദര്യവും നിലനിർത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകൾ അഭിമാനകരമാണെന്നും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പട്ടികജാതി -പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. 77 -മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കേരളം മുന്നിലാണെന്നും രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് വികസന പ്രക്രിയകൾ നടപ്പാക്കാൻ ഫെഡറൽ സംവിധാനം നിലനിൽക്കണമെന്നും മന്ത്രി പറഞ്ഞു. റിപ്പബ്ലിക്കായി 77 വർഷം പിന്നിടുമ്പോൾ ലോകോത്തര രാജ്യങ്ങളോടൊപ്പം മുന്നേറുകയാണ് രാജ്യം.
കാർഷിക രാജ്യമായ ഇന്ത്യയിൽ കർഷർ, തൊഴിലാളികൾ, അടിസ്ഥാന ജനവിഭാഗങ്ങൾ സമൂഹത്തിൽ മുന്നേറുകയാണ്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളുടെ വികസന വളർച്ച പരിശോധിച്ചാൽ കേരളം വിവിധ മേഖലകളിൽ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചത്. പ്രളയം, പ്രകൃതി ദുരന്തം തുടങ്ങിയ പ്രതിസന്ധികൾ അതിജീവിച്ച കേരളം മാതൃകയാണ്. മുണ്ടക്കൈ- ചൂരൽമല ദുരന്തം അതിജീവിക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തിയത്.
ജില്ല നേരിടുന്ന യാത്ര പ്രയാസത്തിന് പരിഹാരമായി തുരങ്കപാത നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ- ആരോഗ്യ- ദാരിദ്ര്യ ലഘൂകരണ രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ സൃഷ്ടിച്ച് മാതൃകയാവുകയാണ് സംസ്ഥാനം. ഫാദർ ടെസ്സ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ഡാൻസ്, പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ബാൻഡ്സെറ്റ്, കണിയാമ്പറ്റ ചിൽഡ്രൻസ് ഹോം വിദ്യാർത്ഥികളുടെ നാടൻപാട്ട് എന്നിവ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. എം.എൽ.എ ടി.സിദ്ദീഖ്, പത്മശ്രീ ചെറുവയൽ രാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി,എ.ഡി.എം എം.ജെ അഗസ്റ്റിൻ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഡെപ്യൂട്ടി കളക്ടർമാരായ കെ. മനോജ് കുമാര്‍, എം.കെ ഇന്ദു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ, തഹസിൽദാർമാർ, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
പരേഡിൽ 30 പ്ലറ്റൂണുകൾ
ജില്ലയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ 30 പ്ലറ്റൂണുകൾ അണിനിരന്നു. സായുധ റിസര്‍വ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, വനം വകുപ്പ്, ഫയല്‍ ഫോഴ്‌സ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 30 പ്ലറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനീഷ് കുമാർ പരേഡ് നയിച്ചു. ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് സബ് ഇൻസ്‌പെക്ടർ ഒ.എസ് ബെന്നി
സെക്കന്‍ണ്ടൻ്റ് കമാന്‍ഡറായി. പരേഡിൽ സേനാ വിഭാഗത്തിൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ട് ഒന്നാം സ്ഥാനവും ഫോറസ്റ്റ് പ്ലാറ്റൂൺ രണ്ടാം സ്ഥാനവും നേടി. എൻ.സി.സി വിഭാഗത്തിൽ എൻ. എം.എസ്.എം ഗവ കോളേജ് ഒന്നാം സ്ഥാനവും തരിയോട് നിർമല എച്ച്. എസ് രണ്ടാം സ്ഥാനവും നേടി. എസ്.പി.സി വിഭാഗത്തിൽ കണിയാമ്പറ്റ ജി.എം.ആർ. എസ് ഒന്നാം സ്ഥാനവും പനമരം ജി.എച്ച്. എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്കൗട്ടിൽ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഒന്നും മുട്ടിൽ ഡബ്ല്യൂ.ഒ.വി.എച്ച്.എസ്.എസ് രണ്ടും സ്ഥാനങ്ങൾ നേടി. ഗൈഡ്സ് വിഭാഗത്തിൽ കൽപ്പറ്റ എൻ.എസ്.എസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടിയപ്പോൾ മുട്ടിൽ ഡബ്ല്യൂ.ഒ.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ റെഡ് ക്രോസിൽ മുട്ടിൽ ഡബ്ല്യൂ.ഒ.വി.എച്ച്.എസ്.എസ് ഒന്നും കാക്കവയൽ ജി.എച്ച്.എസ്.എസ് രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി.
പരേഡ് കാണാൻ പ്രത്യേക ക്ഷണിതാക്കളായി വൃദ്ധസദനം അന്തേവാസികൾ
77 -മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ജില്ലാ കളക്ടറുടെ പ്രത്യേക ക്ഷണിതാക്കളായെത്തിയത് കണിയാമ്പറ്റ വൃദ്ധസദനത്തിലെ അന്തേവാസികൾ. സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിലെ അന്തേവാസികൾ ആദ്യമായാണ് പരേഡ് വീക്ഷിക്കാനെത്തിയത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ജില്ലാ കളക്ടർ നേരിട്ട് വിളിച്ചതിന്റെ സന്തോഷത്തിലാണ് അച്ഛനമ്മമാർ. ആദ്യമായാണ് ഇത്രയും പോലീസുക്കാരെ നേരിൽ കാണുന്നതെന്നും കുട്ടി പോലീസുകാരെ കണ്ടപ്പോൾ അത്ഭുതമായെന്നും പരേഡിൽ ഓരോ പ്ലറ്റൂണും അവസാനിക്കുന്നത് വരെ കൗതുകത്തോടെ നോക്കിയിരുന്നു അവർ. റിപ്പബ്ലിക് ദിന സന്ദേശം നൽകിയ ശേഷം മന്ത്രി അന്തേവാസികൾക്ക് അരികിലെത്തി വിശേഷങ്ങൾ അന്വേഷിച്ചാണ് മടങ്ങിയത്. പരേഡിന് ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാസാംസ്കാരിക പരിപാടികൾ ആസ്വദിച്ച് കളക്ടറുമൊന്നിച്ച് ഫോട്ടോ എടുത്താണ് അവർ മടങ്ങിയത്. വൃദ്ധസദനം സൂപ്രണ്ട് കെ.പ്രജിത്തിനും ജീവനക്കാർക്കുമൊപ്പമാണ് അന്തേവാസികൾ റിപ്പബ്ലിക്ദിനാഘോഷ പരിപാടി കാണാൻ എത്തിയത്
