സംസ്ഥാന ബജറ്റിൽ അഴീക്കോട് നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 45 കോടി രൂപ വകയിരുത്തി.
അഴീക്കൽ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ പോർട്ടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കും നിലവിലെ അഴീക്കൽ മൈനർ പോർട്ടിന്റെ വികസന പ്രവർത്തനങ്ങൾക്കും ചേർത്ത് 25 കോടി രൂപയാണ് വകയിരുത്തിയത്.
അഴീക്കോട് നീർക്കടവിൽ ഫിഷ് ലാൻഡിങ് സെൻ്റർ നിർമ്മാണത്തിനായി അഞ്ചു കോടി രൂപ വകയിരുത്തി. പുതിയ കെട്ടിടം നിർമ്മാണത്തിനായി പള്ളിക്കുന്ന് ഗവ ഹയർ സെക്കൻഡറി സ്കൂളിന് രണ്ടു കോടി രൂപയും പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടി രൂപയും അനുവദിച്ചതായി കെ. വി. സുമേഷ് എം.എൽ.എ അറിയിച്ചു.
ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ്–മുത്തപ്പൻ ക്ഷേത്രം റോഡ്, അലവിൽ ഇളമ്പിലാൻപാറ–നാലുമുക്ക് റോഡ് എന്നിവ മിനി മേക്കാഡം റോഡുകളാക്കി മാറ്റുന്നതിന് ഓരോ കോടി രൂപ വീതം അനുവദിച്ചു.
പാപ്പിനിശ്ശേരി കടവത്ത് വയൽ പ്രദേശത്തെ പുഴഭിത്തി നിർമ്മാണത്തിനായി 50 ലക്ഷം രൂപയാണ് വകയിരുത്തിയത്.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി ഇരുപതിലധികം റോഡുകൾ മിനി മെക്കാഡം റോഡുകളാക്കി ഉയർത്തുന്നതിനായി 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
പുഴാതി ഗോപാലൻകട ഒറ്റ പിടിക്ക റോഡ്, ജോൺ മിൽ കക്കാട് റോഡ്, രാജാസ് യു പി സ്കൂൾ പുതിയതെരു മണ്ഡപം റോഡ്, പള്ളിയാമൂല തെക്കൻ മണൽ ചാലാട് അമ്പലം റോഡ്, പള്ളിക്കുന്ന് ആകാശവാണി കാനത്തൂർ അമ്പലം റോഡ്, പടന്നപ്പാലം സവിത ഫിലിംസിറ്റി മുള്ളങ്കണ്ടി പാലം ചിള്ളിക്കുന്ന് പള്ളിക്കുന്ന് ബാങ്ക് റോഡ്, പള്ളിക്കുന്നുമ്പ്രം വൻകുളത്ത് വയൽ റോഡ്, അഴീക്കോട് അക്ലിയത്ത് ക്ഷേത്രം പുന്നക്കപ്പാറ അരയാക്കണ്ടിപാറ റോഡ്, പാപ്പിനിശ്ശേരി പാറക്കൽ കല്ലൂരിക്കടവ് റോഡ്, പാപ്പിനിശ്ശേരി വേളാപുരം കോളനി പഴഞ്ചിറ റോഡ്, നാറാത്ത് ഓണപ്പറമ്പ് ഇടക്കൈ തോട് ചേലേരി അമ്പലം റോഡ്, നാറാത്ത് ബസാർ മുച്ചിലോട്ട് കാവ് റോഡ്, വായിപറമ്പ് വൻകുളത്തു വയൽ റോഡ്, പള്ളിയാമൂല ചാലാട് അമ്പലം റോഡ്, വളപട്ടണം സ്കൂൾ കളരി വാതുക്കൽ റോഡ്, ശാദുലിപ്പള്ളി കുഞ്ഞിപ്പള്ളി റോഡ്, അലവിൽ പള്ളി ആശാരി കുന്ന് റോഡ്, ചെമ്മരശ്ശേരി പാറ – കച്ചേരി പാറ റോഡ്, പൊടിക്കുണ്ട് രാജേന്ദ്രൻ നഗർ ഹൗസിംഗ് കോളനി എന്നീ റോഡുകളുടെ നവീകരണത്തിനാണ് തുക വകയിരുത്തിയത്.
45 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ അഴീക്കോട് നിയോജകമണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും തീരദേശ-ഗ്രാമീണ മേഖലകളുടെ പുരോഗതിക്കും വലിയ മുന്നേറ്റമാണ് സാധ്യമാവുക.
