സംസ്ഥാനത്ത് രൂപീകൃതമാകുന്ന സംസ്ഥാന ഭക്ഷ്യക്കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് തസ്തികകളാണുള്ളത്. 65 വയസാണ് പ്രായപരിധി. തിരുവനന്തപുരത്തായിരിക്കും നിയമനം. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി തയാറാക്കുന്ന പാനലിൽ നിന്നായിരിക്കും നിയമനം.
അപേക്ഷകർ ഓൾ ഇന്ത്യാ സിവിൽ സർവീസിലോ മറ്റേതെങ്കിലും കേന്ദ്ര/സംസ്ഥാന സിവിൽ സർവീസിലോ പ്രവർത്തിക്കുന്നവരോ/പ്രവർത്തി ച്ചിരുന്നവരോ അല്ലെങ്കിൽ ഭക്ഷ്യസുരക്ഷ, കൃഷി, സിവിൽ സെപ്ലെസ്, പോഷകാഹാരം, ആരോഗ്യം മറ്റേതെങ്കിലും ബന്ധപ്പെട്ട മേഖലകൾ തുടങ്ങിയവയിൽ നയരൂപീകരണത്തിലും ഭരണത്തിലും അറിവും പരിചയവുമുള്ള കേന്ദ്ര/സംസ്ഥാന സർവീസിൽ സിവിൽ തസ്തികയിലുള്ളവരോ ആയിരിക്കണം.
അല്ലെങ്കിൽ കൃഷി, നിയമം, മനുഷ്യാവകാശം, സാമൂഹികസേവനം, മാനേജ്മെൻറ്, ആരോഗ്യം, പോഷകാഹാരം, ഭക്ഷ്യനയവും പൊതുഭരണവും എന്നിവയിൽ വിശാലമായ ജ്ഞാനവും പൊതുജീവിതത്തിലെ മികവും വേണം. അല്ലെങ്കിൽ പാവപ്പെട്ടവരുടെ ഭക്ഷ്യ, പോഷകാഹാര അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവരായിരിക്കണം.
ശമ്പളവും അലവൻസുകളും കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസിലുള്ളവരാണെങ്കിൽ സേവനവ്യവസ്ഥകളും ശമ്പളവും അവർക്ക് ബാധകമായ നിയമങ്ങൾക്കനുസരിച്ചായിരിക്കും. സർക്കാർ സർവീസിൽനിന്ന് വിരമിച്ച വ്യക്തിയാണെങ്കിൽ ശമ്പളം കെ.എസ്.ആർ പാർട്ട് മൂന്നിലെ റൂൾ 100 പ്രകാരമായിരിക്കും.
അപേക്ഷകൾ സെക്രട്ടറി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലേക്കും secy.food@kerala.gov.in എന്ന ഇമെയിലിലേക്കും 15 ദിവസത്തിനുള്ളിൽ അയക്കണം.