കില-കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുമരപുരം ജി.എച്ച്.എസ്.എസ് , പാലക്കാട് പി.എം.ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ലാഭകരമല്ലാത്ത കാരണത്താല്‍ കൂട്ടത്തോടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന കാലഘട്ടത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ മികച്ച മാതൃകയാണ്. സ്‌കൂളുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിനായി. അമര്‍ത്യ സെന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ മാറ്റത്തെയാണ് കേരള മാതൃക എന്ന് വിശേഷിപ്പിച്ചു.

സര്‍ക്കാര്‍ സ്‌കൂളുകളുടെ വിഷയത്തില്‍ പണ്ട് ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും മാറ്റം വരുത്താന്‍ സാധിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കോടികളാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം കഴിഞ്ഞ ഏഴ് വര്‍ഷം തുടര്‍ച്ചയായി പഠനനിലവാര സൂചികയില്‍ മുന്നില്‍ നില്‍ക്കുന്നതിനുള്ള പ്രധാന കാരണം സ്‌കൂളുകളിലെ അടിസ്ഥാന വികസന സൗകര്യവും, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരുടെ മികവുമാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ അത്ഭുതകരമായ കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതി-2, വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ടില്‍ നിന്നും 3.90 കോടി രൂപ ചെലവഴിച്ച്, 12 ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന മൂന്ന് നിലയിലാണ് പി.എം.ജി സ്‌കൂളിലെ പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച 1.30 കോടി രൂപ വിനിയോഗിച്ചാണ് 444.71 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ കുമരപുരം ജി.എച്ച്.എസ് സ്‌കൂളിലെ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. മൂന്ന് നിലകള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ അഞ്ച് ഹൈസ്‌കൂള്‍ ക്ലാസ്സ് മുറികളും, സെപ്റ്റിക്ക് ടാങ്ക്, ലിച്ച് പിറ്റ്, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ശുചിമുറി ഉള്‍പ്പെടെ നാല് ശുചിമുറികളും കെട്ടിടത്തിലുണ്ട്.

പാലക്കാട് നഗരസഭ ചെയര്‍മാന്‍ പി സ്മിതേഷ് പരിപാടിയ്ല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി കൃഷ്ണകുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം സെലീന ബീവി, ഡിഇഒ ആസിഫ് അലിയാര്‍, പി.എം.ജി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എസ് ഉഷ, പ്രധാനാധ്യാപിക ടി നിര്‍മ്മല, ജി.എച്ച്.എസ്.എസ് കുമരപുരം പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എ ജയശ്രീ, പ്രധാനാധ്യാപിക എം പ്രസന്ന, നഗരസഭ കൗണ്‍സിലര്‍മാരായ എം സാജിത, സി.വി ചിത്രബാല, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ കെ.എന്‍ കൃഷ്ണകുമാര്‍, ഡിപിഒ എം.ആര്‍ മഹേഷ് കുമാര്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ വൈ സിന്ധു, എ ഇ ഒ രമേശ് പാറപ്പുറത്ത്, ബി പി സി എം.ആര്‍ ശിവപ്രസാദ്, പി ടി എ പ്രസിഡന്റുമാരായ വിനോദ് കെ കയനാട്ട്, എം ശ്രീനേഷ്, അധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.