സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും ഇതര ഉന്നതവിദ്യാഭ്യാസ മേഖലയുടെ സാധ്യതകളിലും കരിക്കുലം പരിഷ്‌കരണം ഉള്‍പ്പടെയുള്ളവ ഏറ്റെടുത്ത് സമഗ്രവും സമുന്നതവുമായ മുന്നേറ്റങ്ങള്‍ക്ക് സാധിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന മെന്‍സ് ഹോസ്റ്റല്‍ ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നവവൈജ്ഞാനിക സമൂഹ രൂപീകരണത്തിന്റെ ദൗത്യം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിച്ച ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗണ്യമായ പരിഗണന നല്‍കിയ അഞ്ച് വര്‍ഷക്കാലമാണ് പിന്നിടുന്നത്. സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് നല്ലതു പോലെ ബഡ്ജറ്റ് വിഹിതം ഉറപ്പാക്കി. കാതലായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനപരമായ ഉള്ളടക്കത്തിന്റെ മാറ്റത്തിനും സാധിച്ചു. സര്‍ക്കാരിന്റെ ആദ്യത്തെ നാല് വര്‍ഷം 6000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിന്യസിച്ചത്. 2000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായി.സാങ്കേതിക വിദ്യയാല്‍ നയിക്കപ്പെടുന്ന ലോകത്ത് ആ മേഖലയിലുണ്ടാകുന്ന ഓരോ പുതുചലനവും നമ്മുടെ സമൂഹത്തിന് അതേ സന്ദര്‍ഭത്തില്‍ തന്നെ ലഭ്യമാക്കാന്‍ സംവേദനശേഷിയുള്ള യുവസമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിച്ചു. കെ ഡിസ്‌ക് യംഗ് ഇന്നോവറ്റേഴ്‌സ് പ്രോഗ്രാമിലുടെ ഗവേഷണകുതുകികളായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മുതല്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെ ധനസഹായവും മെന്ററിംഗും ഗൈഡന്‍സും നല്‍കി അവരുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിട്ടുണ്ട്. വളരെ മികച്ച നിലയില്‍ ആശയങ്ങള്‍ നാടിന് ചേര്‍ന്ന സാങ്കേതിക വിദ്യ എന്ന നിലയില്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

എല്ലാ കലാലയങ്ങളിലും ഇന്നോവറ്റീവ് ഇന്‍ക്കുബേഷന്‍ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം പടുത്തുയര്‍ത്താന്‍ കഴിഞ്ഞു. ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്, കണക്ട് കരിയര്‍ ടു കാമ്പസ് പദ്ധതികള്‍ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടു പോകുന്നു. പോളിടെക്‌നിക്കുകളില്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതിക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ ഉല്‍പ്പന്നങ്ങളും പ്രക്രിയകളും സേവനങ്ങളും സമൂഹത്തിന് നല്‍കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോട്ടിക്‌സിന്റെയും ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും കാലത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു. ഇക്കാലയളവില്‍ എഞ്ചിനീയറിങ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങി. വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷിയെ തട്ടും തടവുമില്ലാതെ പ്രോത്സാഹിപ്പിക്കാന്‍ കാമ്പസുകളില്‍ സര്‍ഗാത്മക അന്തരീക്ഷം നിലനിറുത്തണമെന്നും മന്ത്രി പറഞ്ഞു.

കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയ മള്‍ട്ടി ജിംനേഷ്യത്തിന്റെ ശിലാസ്ഥാപനവും പുതിയ ബിടെക് റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിന്റെ ആരംഭകാലം മുതല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിലും ഒപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. കോളേജിന്റെ ആരംഭഘട്ടത്തില്‍ അംഗീകാരം നഷ്ടമാകുന്ന സ്ഥിതി വരെയുണ്ടായി. അതെല്ലാം അതിജീവിച്ചാണ് കോളേജ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. റോബോട്ടിക്സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി കോഴ്‌സ് ആരംഭിച്ച സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജാണ് ഇടുക്കി എഞ്ചിനീയറിങ് കോളേജ്. അടുത്ത അധ്യയനവര്‍ഷം ഇടുക്കിയില്‍ ലോ കോളേജ് കൂടി യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം അമ്മിണി തോമസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പി.ടി. എ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു.പി. ജേക്കബ് സ്വാഗതവും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ നന്ദിയും പറഞ്ഞു. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. കിഫ്ബി സഹായത്തോടെ 22.60 കോടി രൂപ ചെലവഴിച്ചാണ് മെന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്.