കൊല്ലം ജില്ലയില്‍ കടൽപുറമ്പോക്ക് പ്രദേശങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പരിഹരിച്ച് പട്ടയവിതരണം കൂടുതല്‍ കാര്യക്ഷമമാക്കിയതായി ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമയബന്ധിതമായി നടപ്പാക്കിയ പട്ടയമിഷനിലൂടെ ഭൂരഹിതര്‍ക്ക് ഭൂമിയുറപ്പാക്കി. ജില്ലയില്‍ കാലങ്ങളായി തുടര്‍ന്നിരുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ശാശ്വതപരിഹാരം കണ്ടെത്താനായി. തീരദേശത്ത് കടല്‍പുറമ്പോക്കില്‍ 600ലധികം പട്ടയം നല്‍കി. കെഎപി ഭൂവിഷയത്തില്‍ 500ഓളം പട്ടയങ്ങള്‍നല്‍കാനുള്ള തീരുമാനമായി. ലൈഫ് മിഷനിലൂടെ 5 ലക്ഷം വീടുകള്‍ ഭവനരഹിതര്‍ക്ക് നിര്‍മിച്ചു നല്‍കി. 62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ ഉറപ്പാക്കി. വിവിധപദ്ധതികളിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത വികസനനേട്ടങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളം സ്വന്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം പട്ടയങ്ങള്‍ വിതരണംചെയ്തു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം മുന്നേറുകയാണ്. പുനലൂര്‍, തിങ്കള്‍കരിക്കകം എന്നീ പ്രദേശങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ചു. സ്ത്രീശക്തി പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് ആയിരം രൂപ പെന്‍ഷന്‍ ഉറപ്പാക്കി. സമസ്തമേഖലയിലും വികസനം ഉറപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങിന് മുന്നോടിയായി തൃശൂരില്‍ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയമേള ഉദ്ഘാടനചടങ്ങ് തത്സമയം വേദിയില്‍ പ്രദര്‍ശിപ്പിച്ചു. മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷനായി.
കൊല്ലം, കൊട്ടാരക്കര, കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളിലായി 929 പട്ടയങ്ങളാണ് ജില്ലയിലെചടങ്ങില്‍ വിതരണംചെയ്തത്. എംഎല്‍എമാരായ എം നൗഷാദ്, എം മുകേഷ്, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ ഡി എം ജി.നിര്‍മല്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍, അനിത നായര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.