നിയമം മൂലം അയിത്തം നിര്‍ത്തലാക്കിയ രാജ്യത്ത് ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ ഗവ.കോളെജില്‍ സ്ത്രീശാക്തീകരണം സ്ത്രീ- ആര്‍ത്തവം -പൗരാവകാശം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്വന്തം കുഞ്ഞിന് പാലൂട്ടുന്നതിന് മുലക്കരം ചോദിച്ച ജന്മിയുടെ മുന്നിലേക്ക് സ്വന്തം മാറിടം മുറിച്ചെറിഞ്ഞ നങ്ങേലിയുടെ പിന്‍ഗാമികളായ സ്ത്രീ സമൂഹത്തെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വവലിച്ചെറിയപ്പെടാതിരിക്കാന് ശക്തമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുന്നവര്‍ക്ക് മാത്രമേ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനുമുള്ള പോരാട്ടങ്ങള്‍ക്ക് സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണം. ഇത്തരം പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാനാണ് വനിതാ മതില് അടക്കമുള്ള കൂട്ടായ്മകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വനിതകളും ഇത്തരത്തിലുള്ള നവോത്ഥാന പോരാട്ടങ്ങളുടെ ഭാഗമാകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരി പറഞ്ഞു.
സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി പൊതുസമൂഹത്തെയും പുതുതലമുറയും ബോധവത്കരിക്കാന്‍ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘സധൈര്യം മുന്നോട്ട്’ എന്ന പദ്ധതിയുടെ ഭാഗമായാണ് കോളേജ് ക്യാമ്പസുകളില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നത്. ആര്‍ത്തവചക്രം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആര്‍ത്തവകാല ശുചിത്വം എന്നീ വിഷയത്തില്‍ കരുണ മെഡിക്കല്‍ കോളേജിലെ ഡോ. വിബിത ഏബിള്‍ ക്ലാസ്സ് എടുത്തു.സ്ത്രീ പൗരാവകാശം എന്ന വിഷയത്തില്‍ ബാര്‍ അസോസിയേഷന് അംഗം അഡ്വ. ശോഭന സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്കി. ഓപ്പണ്‍ഫോറത്തില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. ആനന്ദ വിശ്വനാഥ് അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.മീര, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സി. ആര്. ലത, ജില്ല വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി. എസ്. ലൈജു, ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റ് അസി. പ്രൊഫ. ശുഭശ്രീ, സി ഡബ്ല്യു സി മെമ്പര്‍ കുര്യാക്കോസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ. ആനന്ദന് എന്നിവര്‍ സംസാരിച്ചു.
