സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി വിഭാഗത്തിൽ നടപ്പിലാക്കുന്ന സമഗ്ര ബോധവത്ക്കരണ പരിപാടിയായ അൻപ് 2026 ആദ്യ ഘട്ടം സാമൂഹിക സേവന സംഘടനയായ ശ്രേയസിൻ്റെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ബൗദ്ധിക – മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ സാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്തുകയും അവരുടെ അവകാശങ്ങളെയും സർക്കാർ ക്ഷേമപദ്ധതികളെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിനായാണ് അൻപ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടിയുടെ ഭാഗമായി യു.ഡി.ഐ.ഡി രജിസ്ട്രേഷൻ, ലീഗൽ ഗാർഡിയൻഷിപ്പ്, നിരാമയ ഇൻഷൂറൻസ് എന്നിവയ്ക്കായുള്ള അപേക്ഷകളും സ്വീകരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 200ഓളം ആളുകൾ ക്യാമ്പയിനിൽ പങ്കെടുത്തു.
ഭിന്നശേഷി കമ്മീഷണറേറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷിബു രാഘവൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ എസ്. ഗിഫ്റ്റ്സൺരാജ്, ജില്ലാ സാമൂഹിക നീതി സീനിയർ സൂപ്രണ്ട് കെ.കെ പ്രജിത്ത്, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൽ, സാമൂഹിക നീതി സുരക്ഷാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സിനോജ് പി ജോർജ്, മാനന്തവാടി ജില്ലാ ആശുപത്രി ജൂനിയർ കൺസൾട്ടൻ്റ് ഡോ.ദീപ, പിഡബ്ല്യുഡി മെമ്പർ ലൂക്ക എന്നിവർ സംസാരിച്ചു.
