മാവേലിക്കര: രാജ്യാന്തര ഗുണനിലവാരമുള്ള തേൻ ഉൽപാദിപ്പിക്കാൻ സംസ്ഥാന കൃഷിവകുപ്പ് പദ്ധതികൾ ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. മാവേലിക്കരയിലെ കൊച്ചാലുംമുട്ടിലുള്ള ഹോർട്ടി കോർപ്പിന്റെ തേനീച്ച വളർത്തൽ കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടവും തേനീച്ച പാർക്കും ഉദ്ഘാടനം ചെയ്യുകയ.ായിരുന്നു അദ്ദേഹം.
തേനീച്ച വളർത്തലിന്റെയും, തേൻ വിപണിയുടേയും നോഡൽ ഏജൻസിയായി ഹോർട്ടി കോർപ്പിനെയാണ് കൃഷി വകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ളത്. തേനീച്ച വളർത്തൽ കൃഷിയായി തന്നെ സർക്കാർ അംഗീകരിച്ചു കഴിഞ്ഞു. അതിന്റെ പ്രോത്സാഹനത്തിനായി വേണ്ടതെല്ലാം ചെയ്യും. ഈ മേഖലയിൽ അനന്തമായ സാധ്യതകൾ ഉണ്ട്, അവ കണ്ടെത്തും. അതുവഴി ഗുണനിലവാരമുളള, കൃത്രിമ മാർഗ്ഗത്തിലൂടെയല്ലാതെ പ്രകൃതിയിൽ നിന്നുമുള്ള സസ്യങ്ങളിൽ നിന്നും തേൻ ഉൽപാദിപ്പിക്കുവാനുള്ള നടപടി ഉണ്ടാകും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് വേണ്ട പരിശീലനം നൽകാൻ ഈ കേന്ദ്രത്തിൽ സൗകര്യമുണ്ടാകുമെന്നും അദേഹം പറഞ്ഞു.
യോഗത്തിൽ ആർ. രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഹോർട്ടി കോർപ്പ് പരിശീലന കേന്ദ്രമായ കൊച്ചാലുംമുട് ഉൾപ്പെടുന്ന തഴക്കര ഗ്രാമപഞ്ചായത്തിനെ ഹണി ഗ്രാമമാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ,ഹോർട്ടി കോർപ്പ് ചെയർമാൻ വിനയൻ, മാവേലിക്കര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ്, ഹോർട്ടി കോർപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.ബാബു തോമസ് എന്നിവർ പങ്കെടുത്തു ചടങ്ങിൽ മുല്യവർധിത ഉൽപനങ്ങളുടെ ആദ്യ വില്പന ചലച്ചിത്ര താരം ഹണി റോസ് നിർവഹിച്ചു.ഭരണിക്കാവ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വത്സല സോമൻ, വി.ഗീത, പി.അശോകൻ നായർ എന്നിവരും പങ്കെടുത്തു, ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെ കേന്ദ്രത്തിന്റെ വളപ്പിൽ ചെടികൾ നട്ടു.
രാജ്യത്തെ ആദ്യ തേനീച്ച പാർക്കാണ് മാവേലിക്കര കൊച്ചാലുംമൂട്ടിൽ സജ്ജമായത്. പഴം, പച്ചക്കറി സംരക്ഷണ വിതരണ രംഗത്ത് ഉത്പാദകരെയും ഉപഭോക്താക്കളേയും സംരക്ഷിക്കുക എന്ന ദൗത്യവുമായി പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിലാണ് ആദ്യ തേനീച്ച പാർക്ക്. തേനീച്ചകൾക്ക് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനാവശ്യമായ ചെടികളും, വൃക്ഷങ്ങളും പാർക്കിന്റെ മുഖ്യ ആകർഷണമാണ്. തേനീച്ചകൾക്ക് ഏറ്റവും കൂടുതൽ പൂമ്പൊടി ലഭ്യമാകുന്ന ചെടികളും, വൃക്ഷങ്ങളുമാണ് പാർക്കിൽ. സംസ്ഥാന സർക്കാർ കൃഷി വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷം രൂപയും, ഹോർട്ടി കോർപ്പ് തേൻ വിറ്റതിന്റെ ലാഭ വിഹിതമായ 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇവിടെ നവീകരണ പ്രർത്തനങ്ങൾ നടത്തിയത്.
സംസ്ഥാന കൃഷി വകുപ്പിന്റെ മൂന്ന് ഏക്കർ സ്ഥലത്താണ് തേനീച്ച പാർക്ക്. 50 ടൺ തേൻ സംസ്‌ക്കരിച്ച് വിതരണം ചെയ്യാനുള്ള യന്ത്രസംവിധാനമാണ് നവീകരണ പ്രക്രിയയിലൂടെ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഞാവൽ, പേര, ഇലമ്പൻപുളി, ശീമനെല്ലിക്ക, ശീമക്കൊന്ന, തൊട്ടാവാടി, വേലിപ്പരുത്തി, കീഴാർനെല്ലി, കറ്റാർ വാഴ, ചീര ,വേപ്പ് തുടങ്ങിയ ചെടികളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. പുതിയ സംസ്‌കരണ സംവിധാനം പ്രാവർത്തികമാകുന്നതോടെ സർക്കാർ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേൻ നിർമ്മാണ ശുദ്ധീകരണ വിപണനകേന്ദ്രമായി കൊച്ചാലും മൂട്ടിലെ തേനീച്ച വളർത്തൽ പരീശീലനകേന്ദ്രം മാറുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള മൂവായിരത്തോളം കർഷകർ ഇവിടെനിന്ന് പരിശീലനവും നേടിയിട്ടുണ്ട്. പരിശീലനം കിട്ടിയവർക്ക് 40 ശതമാനം സബ്സിഡിയോടു കൂടി തേനെടുപ്പ് യന്ത്രം, പുകയന്ത്രം തുടങ്ങി ആവശ്യമുള്ള ഉപകരണങ്ങളും നൽകുന്നുണ്ട്. കർഷകരിൽ നിന്നും ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച് പായ്ക്ക് ചെയ്ത് അമൃതഹണി എന്ന പേരിൽ വിപണയിലെത്തിച്ചുവരുന്നു.
