സർക്കാർ ഭൂമിയിൽ കൈയേറ്റമുണ്ടായാൽ തടയാൻ കളക്ടർമാർ ഉടൻ ഇടപെടുന്ന സ്ഥിതിയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാരുടെ വാർഷികസമ്മേളനത്തിന്റെ രണ്ടാംദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈയേറ്റം ഉണ്ടായാൽ ഉടൻ ശ്രദ്ധിക്കാനും നടപടിയെടുക്കാനും കഴിയണം. ആദിവാസി ഭൂവിതരണത്തിനുള്ള നടപടികൾ കളക്ടർമാർ വേഗത്തിലാക്കണം. ഈ വിഭാഗത്തിലെ കോർപ്പസ് ഫണ്ട് വിനിയോഗവും കൃത്യമായി മേൽനോട്ടം വഹിച്ച് വേഗത്തിലാക്കണം.
മാലിന്യസംസ്‌കരണത്തിലും പ്രത്യേക ശ്രദ്ധയുണ്ടാകണം. കേന്ദ്രീകൃത ഖരമാലിന്യ സംസ്‌കരണ പ്ലാൻറുകൾ യാഥാർഥ്യമാക്കുന്നതിന് കളക്ടർമാരുടെ ഇടപെടൽ വേണം. സെപ്‌റ്റേജ് സംവിധാനമുണ്ടാക്കാൻ മേൽനോട്ടം വേണം. കുടിവെള്ളത്തിൽ ഇത്തരത്തിൽ മാലിന്യം കലരാതെ നല്ല വെള്ളം ലഭ്യമാക്കുന്ന നിലവേണം.
പൊതുശൗചാലയങ്ങൾ നാടിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് വിവിധസ്ഥലങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യം സാമൂഹസേവന മനസ്ഥിതിയുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കളക്ടർമാർ മനസുവെച്ചാൽ നടത്തിയെടുക്കാവുന്നേയുള്ളൂ. മാലിന്യം വൻതോതിലുണ്ടാകുന്ന മാർക്കറ്റുകൾ പോലുള്ള സ്ഥലങ്ങളിൽ ഇവ തരംതിരിക്കാനുള്ള സൗകര്യങ്ങൾ പരിഗണിക്കണം. ഇൻഷുറൻസ് പദ്ധതിയായ ‘ആവാസി’ൽ പരമാവധി ഇതരസംസ്ഥാനത്തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കാനുള്ള നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ വ്യാഴാഴ്ച മന്ത്രിമാരായ എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി. മൊയ്തീൻ, കെ.കെ. ശൈലജ ടീച്ചർ, ജെ. മേഴ്‌സിക്കുട്ടിയമ്മ, പ്രൊഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീൽ, ചീഫ് സെക്രട്ടറി ടോം ജോസ്, സെക്രട്ടറിമാർ, വകുപ്പുമേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.