സന്നിധാനത്തെ ഇല പോലും പൊലീസ് ബോംബ് സ്‌ക്വാഡ് അറിയാതെ അനങ്ങില്ല. വിദേശ നിര്‍മിതവും അത്യാധുനികവുമായ ഉപകരണങ്ങളുമായി ഇരുപത്തിനാല് മണിക്കൂറും ഇവര്‍ നിതാന്ത ജാഗ്രതിയിലായിരിക്കും .  ഡി വൈ എസ് പി അനില്‍ ദാസിന്റെ നേതൃത്വത്തില്‍ 130 പേരടങ്ങുന്ന സ്‌ക്വാഡുകളാണ് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്.
രണ്ടര മീറ്റര്‍ താഴ്ചയില്‍ പോലും കുഴിച്ചിട്ടിരിക്കുന്ന മൈനുകള്‍ കണ്ടെത്താന്‍ കഴിയുന്ന മൈന്‍സ്വീപ്പറും മറ്റ് അനേകം ഉപകരങ്ങളും ഇവരുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു. മൈന്‍സ്വീപ്പര്‍ അമേരിക്കന്‍ നിര്‍മിതമാണ്. അരക്കോടിയോളം വിലവരുന്ന ഈ ഉപകരണത്തിന്റെ സഹായത്തോടെ എവിടെ മൈന്‍ കുഴിച്ചിട്ടാലും കണ്ടെത്താന്‍ കഴിയും. വിദേശ നിര്‍മിതമായ എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍ ആകട്ടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ മിടുക്കനാണ്. ഇത് സ്‌ഫോടക വസ്തുവില്‍ നിന്ന് വരുന്ന ഗന്ധം തിരിച്ചറിയുകയും ഏത് രാസപദാര്‍ഥമാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് കൃത്യമായി വിവരം നല്‍കുകയും ചെയ്യും. കൂടാതെ സ്‌ഫോടക വസ്തുവിലേക്ക്  ഏതെങ്കിലും വൈദ്യുത സര്‍ക്യൂട്ട് നല്‍കുന്നത് കണ്ടുപിടിക്കാനുള്ള എന്‍ എല്‍ ജെ ഡിയും സ്‌ക്വാഡിന് സ്വന്തം.  സംശയം തോന്നുന്നവരെ പരിശോധിക്കാന്‍ കൈകൊണ്ട് പരിശോധിക്കാവുന്ന ഏറ്റവും ആധുനികമായ 35 മെറ്റല്‍ ഡിക് ടക്റ്ററുകളും (എച്ച് എച്ച് എം ഡി) സ്‌ക്വാഡിന്റെ കൈവശമുണ്ട്. നിലവിലുള്ള 40 എച്ച് എച്ച് എം ഡിക്ക് പുറമേയാണിത്.
  മൂന്ന് ടേണുകളിലായി ബോംബ് സ്‌ക്വാഡ് സന്നിധാവും പിരസരവും ഇഞ്ചോടിഞ്ച് പരിശോധിക്കും. സന്നിധാനത്തെ ടീമിന് പുറമേ പമ്പയിലും നിലയ്ക്കലുമായി 140 അംഗ സ്‌ക്വാഡും ഡ്യൂട്ടിയിലുണ്ട്. ഇവര്‍ക്ക് വാഹനങ്ങള്‍ പരിശോധിക്കാനുള്ള എക്‌സ്‌റ്റെന്റഡ് മിററും പോഡറും അടക്കമുള്ള എല്ലാ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.