കാക്കനാട്: വ്യവസായ വാണിജ്യ വകുപ്പ് കാർഷിക മേഖലയിൽ കൂടുതൽ സംരംഭങ്ങൾ ലക്ഷ്യമിട്ട് ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു. പി.ടി. തോമസ് എം.എൽ.എ പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാർഷിക മേഖലയെ വിപണി കേന്ദ്രീകൃതമാക്കി മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ കൂടുതൽ വരുമാനവും അവസരങ്ങളും സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് വിവിധ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ ഹോട്ടൽ പാർക്ക് റസിഡൻസിയിൽ രാവിലെ 10 മണി മുതൽ പരിശീലന പരിപാടികൾ ആരംഭിക്കും.
പഴം പച്ചക്കറി സംസ്കരണം, മൂല്യ വർദ്ധിത ഉൽപന്നങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. കിഴങ്ങ് വർഗ്ഗങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളെക്കുറിച്ചും സംരംഭ സാധ്യതകളെക്കുറിച്ചും കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് എം. എസ് സജീവ് ക്ലാസ് നയിച്ചു. പഴം പച്ചക്കറികൾ എന്നിവയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളെക്കുറിച്ച് വെജിറ്റബിൾ ആൻഡ് ഫുഡ് പ്രമോഷൻ കൗൺസിൽ ഓഫ് കേരള ജില്ലാ മാനേജർ മഞ്ജുഷയും ഡ്രൈയിംഗ് അനുബന്ധ ഉപകരണങ്ങളെക്കുറിച്ച് കുമളി, ഗ്രീൻഗാഡ് ആഗ്രോ മെഷിനറീസിൽ നിന്നുള്ള ബിജോയിയും ക്ലാസുകൾ നയിച്ചു.
ടെക്നോളജി ക്ലിനിക്കിൽ ഇന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമങ്ങളും രജിസ്ട്രേഷൻ നടപടികളും എന്ന വിഷയത്തിൽ ജില്ല ഫുഡ് സേഫ്റ്റി ഓഫീസർ റാണി ചാക്കോ പരിശീലനം നൽകും. തുടർന്ന് ചക്ക, നാളികേരം, പച്ചക്കറികൾ എന്നിവയുടെ സംസ്കരണത്തെകുറിച്ച് ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നുള്ള ജെസ്സി ജോർജ്ജ്, ക്ഷീര ഉൽപ്പന്നങ്ങളെക്കുറിച്ച് അബ്ദുൾ കബീർ, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സേവനങ്ങളെക്കുറിച്ച് ഷീബ .എസ് എന്നിവർ ക്ലാസുകൾ നയിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൾ മുത്തലിബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം, തൃക്കാക്കര നഗരസഭ കൗൺസിലർ ലിജി സുരേഷ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ ആർ. സുദർശ, ഷീബ .എസ്, സി. ജയ എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ
കാർഷികമേഖലയിലെ സംരംഭകർക്കായി ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച ടെക്നോളജി ക്ലിനിക് പി. ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.