പ്രളയത്തിൽ തകർന്ന ജലസേചന വകുപ്പിന്റെ ചെറുകിട പദ്ധതികൾ അറ്റകുറ്റം നടത്തി പ്രവർത്തന സജ്ജമാക്കുന്നതിന് സർക്കാർ തുക അനുവദിച്ചു. മാനന്തവാടി മണ്ഡലത്തിൽ ഏഴ് പദ്ധതികൾക്കായി 1.57 കോടി രൂപയാണ് ജലവിഭവ വകുപ്പ് അനുവദിച്ചത്. പമ്പ്ഹൗസുകളും മോട്ടറുകളും തകരാറിലായി ജലസേചനം മുടങ്ങിയത് നെൽകൃഷി അടക്കമുള്ളവയെ ബാധിച്ചിരുന്നു. വേനൽക്കാല കൃഷി കൂടുതൽ പ്രതിസന്ധിയിലാകുന്നത് ഒഴിവാക്കുന്നതിനാണ് അടിയന്തരമായി തുക അനുവദിച്ചത്. എത്രയും വേഗം പദ്ധതികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനാണ് നിർദേശം. ജലവിഭവ വകുപ്പിന്റെ റീഹാബിലിറ്റേഷൻ ഓഫ് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
കക്കടവ് എൽഐ സ്കീമിന് ഏഴ് ലക്ഷം, പനമരം എൽഐ സ്കീമിന് 5.20 ലക്ഷം, കൂടൽക്കടവ് സ്റ്റേജ്-ഒന്ന് പദ്ധതിക്ക് 45 ലക്ഷം, സ്റ്റേജ്-രണ്ടിന് 25 ലക്ഷം, ചാലിഗദ്ദ എൽഐ സ്കീമിന് 15 ലക്ഷം, പായോട് നോർത്തിന് 45 ലക്ഷം, പായോട് സൗത്ത് പദ്ധതിക്ക് 15 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ച തുക. നിയമസഭയിൽ ഒ.ആർ. കേളു എംഎൽഎയെ ഇക്കാര്യം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. പ്രളയത്തിൽ ജില്ലയിലെ പതിനഞ്ചോളം മൈനർ ഇറിഗേഷൻ പദ്ധതികൾ തകരാറിലായിരുന്നു. ചെക്ക് ഡാമുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇവ നന്നാക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജലസേചന പദ്ധതികളിലെ മോട്ടറുകൾക്കാണ് കാര്യമായ തകരാറുകൾ സംഭവിച്ചത്. പമ്പ് ഹൗസുകൾക്കും കേടുപാടുകളുണ്ട്. മോട്ടർ തകരാർമാത്രമുള്ള പദ്ധതികളുടെ പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിച്ചിട്ടുണ്ട്. കൂടുതൽ പണികളും തുകയും ആവശ്യമുള്ളവയുടെ പ്രവൃത്തികളാണ് പൂർത്തിയാകാനുള്ളത്. ഇവ നന്നാക്കുന്നതിനാണ് തുക അനുവദിച്ചത്. പനമരം ചങ്ങാടക്കടവിലെ പദ്ധതി തകരാറിലായത് അറുന്നൂറോളം ഏക്കറിലെ നെൽകൃഷിയെ ബാധിച്ചു. പരക്കുനി പാടശേഖരത്തിലെ കർഷകരാണ് കൃഷിക്ക് വെള്ളം ലഭിക്കാതെ വലഞ്ഞത്. പലർക്കും കൃഷി ഉപേക്ഷിക്കേണ്ടിവന്നു. 40 എച്ച്പിയുടെ രണ്ട് മോട്ടോറുകളാണ് വെള്ളം കയറി കേടായത്. ഇതിൽ ഒന്ന് നന്നാക്കി വെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
