കാർഷിക മേഖലയുടെ വീണ്ടെടുപ്പിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും എല്ലാവരും ഒന്നിച്ചുപ്രവർത്തിക്കണമെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകൾ സംഘടിപ്പിച്ച കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇരു കൃഷിഭവന് കീഴിൽ മികച്ച കർഷകർക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു.

കർഷകരുടെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാനും കാർഷിക മേഖലയിൽ കൂടുതൽ ആളുകളെ ആകർഷിക്കാനും സബ്‌സിഡി നിരക്ക് വർധന ഉൾപ്പെടെ പരിഗണിക്കപ്പെടണം. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വിഷാംശം കലർന്ന പച്ചക്കറികളുടെ വരവ് നിയന്ത്രിക്കാൻ ജൈവ, മട്ടുപ്പാവ് കൃഷി പോലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

കൃഷി ഒരു അഭിമാനകരമായ തൊഴിലാണ്. സർക്കാർ ജോലിയുള്ളവർക്ക് പോലും ഒഴിവുസമയങ്ങളിൽ മട്ടുപ്പാവിലോ ചെറിയ സ്ഥലങ്ങളിലോ കൃഷി ചെയ്യാൻ സാധിക്കും. ചെറുപ്പക്കാരെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ കൊണ്ടുവരണമെന്നും നമ്മുടെ നാടിന്റെ കാർഷിക സംസ്‌കാരം വീണ്ടെടുക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവ് എസ്.എഫ് .എസ് ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കരമന അജിത്ത്, കൗൺസിലർമാരായ വിജി ഗിരികുമാർ, ആരോമൽ , വിജയകുമാർ, യമുന, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ.വി, ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു വി, കൃഷി ഓഫീസർ ഡോ തുഷാര ചന്ദ്രൻ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 13 കർഷകരെ വട്ടിയൂർക്കാവ് കൃഷിഭവന്റെ നേതൃത്വത്തിൽ ആദരിച്ചു.

കുടപ്പനക്കുന്ന് കൃഷിഭവനിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരായ ജയന്തി ആർ.സി, ബി. സുഭാഷ് , ബി. അജയകുമാർ, അനിത എസ്., വിനീത് വി. ജി, മായ ആർ. എസ്, വൈഷ്ണ സുരേഷ്, ആർ. ദിനേശ് കുമാർ, കൃഷി ഓഫീസർ സാലിഹ ആർ, അസിസ്റ്റന്റ് കൃഷി ഓഫീസർ അഫ്‌സൽ അഹമ്മദ്, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 13 കർഷകരെ ആദരിക്കുകയും വെള്ളരിയുടെയും ബന്ദിപ്പൂവിന്റെയും വിളവെടുപ്പും മന്ത്രി നിർവഹിച്ചു.