ജനുവരി ഒന്നിന് സൃഷ്ടിക്കുന്ന വനിതാ മതിലിന് സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിതാ മതിലിന്റെ പ്രചാരണാർത്ഥം സെൻട്രൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതകളുടെ ഉന്നമനത്തിനായി സർക്കാർ എന്തെല്ലാം ചെയ്യുന്നുവെന്നത് സംബന്ധിച്ചാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. അതിനായി നീക്കി വച്ച തുകയാണ് 50 കോടി രൂപ. അതിൽ നിന്ന് ഒരു പൈസ പോലും വനിതാമതിലിനില്ല. അതേസമയം വനിതാ മതിലിന് എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മണ്ണിൽ കഴിയുന്ന എല്ലാവർക്കും അവകാശപ്പെട്ട മതിലാവും ജനുവരി ഒന്നിന് തീർക്കുന്നത്. അതിന് ഹിന്ദു, മുസ്‌ലീം, ക്രിസ്ത്യാനി എന്ന വേർതിരിവില്ല. എല്ലാ മതവിഭാഗങ്ങളിൽ പെട്ടവർക്കും എല്ലാ വിഭാഗം വിശ്വാസികൾക്കും അല്ലാത്തവർക്കും മതിലിന്റെ ഭാഗമാകാം. ക്രിസ്ത്യൻ മിഷനറിമാരും മുസ്‌ലീം വിഭാഗത്തിൽ നിന്നുള്ളവരും നവോത്ഥാനത്തിൽ വഹിച്ച പങ്ക് നിഷേധിക്കാനാവില്ല. നവോത്ഥാനത്തിൽ സ്ത്രീകളുടെ പങ്ക് ചോദ്യം ചെയ്ത് ചിലർ രംഗത്ത് വന്നിട്ടുണ്ട്. കേരള നവോത്ഥാനത്തിന്റെ എല്ലാഘട്ടത്തിലും സ്ത്രീകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
യാഥാസ്ഥിതികരല്ല ചരിത്രം തീരുമാനിക്കുന്നത്. യാഥാസ്ഥിതികർക്ക് ഒരു കാലത്തും വിജയിക്കാനുമാവില്ല. സ്ത്രീകൾക്ക് പുരുഷന് തുല്യമായ അവകാശം നൽകുന്നതിനുള്ള ബിൽ കോൺസ്റ്റിറ്റ്വന്റ് അസംബ്‌ളിയിൽ കൊണ്ടുവന്നപ്പോൾ പ്രമുഖരുൾപ്പെടെയുള്ളവർ എതിർത്തു. കുടുംബവ്യവസ്ഥ തകർക്കുമെന്നാണ് യാഥാസ്ഥിതികർ വാദിച്ചത്. ജവഹർലാൽ നെഹ്രുവിനും അംബേദ്കറിനുമെതിരെ ആർ. എസ്. എസ് ശക്തമായി രംഗത്തുവന്നു. അംബേദ്കറിന്റെ കോലം കത്തിക്കുന്ന സ്ഥിതിയുമുണ്ടായി. നിയമത്തിന് മേലേയാണ് ചില കാര്യങ്ങൾ എന്ന് ഇപ്പോൾ ചിലർ പറയുന്നത് പോലെയായിരുന്നു അന്ന് സ്ഥിതി. അന്ന് സ്ത്രീകളുടെ തുല്യതയെ എതിർത്തവരുടെയും ഇന്ന് വനിതാ മതിലിനെ എതിർക്കുന്നവരുടെയും മാനസിക ഘടന ഒന്നാണ്. കാലം മാറിയിട്ടും ഇക്കൂട്ടരുടെ മാനസികഘടന മാറിയിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്.
നവോത്ഥാന മൂല്യങ്ങളിൽ നിന്ന് നാടിനെ പിന്നോട്ട് നയിക്കാനുള്ള ശ്രമത്തിനെതിരെയാണ് മതിൽ സൃഷ്ടിക്കുന്നത്. സമൂഹത്തെ പിറകോട്ട് നയിക്കുന്ന യാഥാസ്ഥിതിക വിഭാഗത്തിനെതിരെയാണ് മതിൽ. ഏറ്റവും വലിയ യോജിപ്പിന്റെ മതിലായി ഇത് മാറും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതിലിനെ ആക്ഷേപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഒരിടത്തേയും ആചാരാനുഷ്ഠാനം ഇല്ലാതാക്കാൻ ശ്രമമില്ല. എന്നാൽ ഭരണഘടനയുടെയും മേലേയാണ് വിശ്വാസമെന്ന് പറഞ്ഞാൽ അതിവിടെ ചെലവാകില്ല. വനിതാ മതിലിനെ തെറ്റായി ചിത്രീകരിക്കാൻ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ സന്നിഹിതയായിരുന്നു.