കടക്കരപ്പള്ളി : നാടിനെ തരിശുരഹിതമാക്കുന്ന യജ്ഞമാണ് ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽ കുമാർ . കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ കൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിശുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാൻ ചെറുപ്പക്കാർ മുൻകൈ എടുക്കണം. കണ്ടമംഗലം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ അധ്യക്ഷനായി. കണ്ടമംഗലം ക്ഷേത്രം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് പുതിയ കൃഷിഭവൻ പണിതിരിക്കുന്നത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ തളിക്കുന്ന മരുന്ന്ുകൾ നാടിവ്യവസ്ഥ വരെ തകരാറിലാകുമെന്നാണ് കാർഷിക സർവകലാശാല കണ്ടെത്തിയിരിക്കുന്നത്.ഇതിനെ പ്രതിരോധിക്കാൻ നമുക്ക് വേണ്ടത് നാം തന്നെ ഉൽ്പ്പാദിപ്പിക്കണം. ‘ഈറ്റ് ഇറ്റ് സേഫ്’ ബ്രാൻഡ് പച്ചക്കറി കൃഷിയുമായി രംഗത്ത് വന്ന ചെറുപ്പക്കാരെ അദ്ദേഹം അഭിനന്ദിച്ചു. കൃഷി വകുപ്പുമായി സഹകരിച്ചു മുന്നേറുവാനും അദ്ദേഹം നിർദ്ദേശിച്ചു.
കാർഷിക മേഖലയിൽ മികച്ച സേവനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, കടക്കരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ, സെക്രട്ടറി വി. ബാബു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന നടേശ്, കഞ്ഞിക്കുഴി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുഭാഷ്. എസ്. പിള്ള, കൃഷി ഓഫീസർ ടി.ആർ. സ്വപ്ന എന്നിവർ പങ്കെടുത്തു.
