കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് മുഖേന നടപ്പാക്കുന്ന ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ് പദ്ധതിയിൽ വയനാട് ജില്ലയ്ക്ക് മികച്ച നേട്ടം. 115 ജില്ലകളാണ് പദ്ധതിയിലുള്ളത്. പദ്ധതിയുടെ മൂന്ന് മേഖലകളിൽ വയനാട് ഒന്നാമതെത്തി. അടിസ്ഥാന ഭൗതിക സാമ്പത്തിക സാഹചര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന ജില്ലകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് നടപ്പാക്കുന്ന പദ്ധതിയാണ് ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാം. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, കൃഷിയും ജലവിഭവവും, ഫിനാൻഷ്യൽ ഇൻക്ലൂഷൻ, നൈപുണ്യവികസനം, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലെ ഉന്നമനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്നും വയനാട് ജില്ലയാണ് പദ്ധതിയിലുള്ളത്.
ആറ് മേഖലകളിൽ നിന്നായി 49 സൂചികകൾ ഉപയോഗിച്ചാണ് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നത്. 2018 ഒക്ടോബറിലെ കണക്കുപ്രകാരം വയനാട് ജില്ല റാങ്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. വിദ്യാഭ്യാസം, ഫിനാൻഷ്യൽ ഇൻസ്പെക്ഷൻ, നൈപുണ്യവികസനം എന്നിവയിൽ വയനാട് ഒന്നാം സ്ഥാനത്തും ആരോഗ്യവും പോഷകാഹാരവും, കൃഷിയും ജലവിഭവവും, അടിസ്ഥാന സൗകര്യം എന്നിവയിൽ യഥാക്രമം 11, 15, 8 സ്ഥാനങ്ങളിലുമാണ്.