സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, ഇടുക്കി ജില്ലാ പോലീസ്, സംസ്ഥാന ഐ.ടി. മിഷന്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് നിര്‍വഹിച്ചു.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷയുടെ പ്രാധാന്യം ഏറിവരികയാണെന്നും സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം ഉറപ്പാക്കേണ്ടത് ഓരോ പൗരന്റെയും സര്‍ക്കാര്‍ ജീവനക്കാരന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും കളക്ടര്‍ പറഞ്ഞു. വ്യക്തിഗതവും ഔദ്യോഗികവുമായ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കിരണ്‍കുമാര്‍ ടി. ആര്. നയിച്ച പരിശീലനത്തില്‍ വിവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍, പുതുതായി ഉയര്‍ന്നുവരുന്ന ഓണ്‍ലൈന്‍ ഭീഷണികള്‍, അവ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ എന്നിവ വിശദീകരിച്ചു. സൈബര്‍ സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്താവുന്ന വിവിധ മൊബൈല്‍ ആപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും പ്രായോഗികമായി പരിചയപ്പെടുത്തി.
മൊബൈല്‍ ഫോണുകളുടെ സുരക്ഷ, നഷ്ടപ്പെട്ട ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, ഡിജിറ്റല്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ വെല്‍ബീയിംഗ് സംവിധാനങ്ങള്‍, കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രക്ഷാകര്‍തൃ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു.
ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പരിശീലനത്തിന് നേതൃത്വം നല്കിയ ടി.ആര് കിരണ്‍കുമാറിന് ഉപഹാരം നല്കി.
ജില്ലാ നിയമ ഓഫീസര്‍ എം.പി മനോജ്, ഡെപ്യൂട്ടി കളക്ടര്‍ കെ. സുനില്‍കുമാര്‍, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ അജിത് ജോണ്‍ വര്‍ഗീസ്, ഐ.ടി. മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ ആര്. രാഹുല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
