സത്രം വഴി പരമ്പരാഗത കാനനപാതയിലൂടെയുള്ള ശബരിമല തീർഥാടനയാത്രയ്ക്ക് തുടക്കം. രാവിലെ ഏഴരയ്ക്ക് അഴുത ഫോറസ്റ്റ് സെക്ഷൻ ഓഫീസിനു മുന്നിൽ തയ്യാറാക്കിയ കൗണ്ടറിലെ പരിശോധനകൾക്കു ശേഷം  ആദ്യ സംഘം മല കയറി.

പീരുമേട് എം.എൽ.എ സിറിയക് തോമസ്, വനം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഐ.എസ്. സുരേഷ്ബാബു, അഴുത റേഞ്ച് ഓഫീസർ ഡി. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ  ആദ്യ സംഘത്തെ യാത്രയാക്കി.

സത്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം തയ്യാറാക്കിയ പന്തലിൽ നിന്ന് നിന്ന് ടോക്കൺ നൽകിയാണ് കാനനപാതയിലേക്ക് കടത്തിവിടുന്നത്. ആദ്യ മണിക്കൂറിൽ തന്നെ അറുനൂറിലധികം അയ്യപ്പ ഭക്തർക്ക് ടോക്കൺ നൽകി.
പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകാൻ അനുവദിക്കില്ല. സാനിറ്റൈസർ പോലുള്ള വസ്തുക്കളും  അനുവദിക്കില്ല.
കാനന പാതയിലൂടെയുള്ള പ്രധാന കേന്ദ്രങ്ങളും ലഭ്യമായ സേവനങ്ങളും വ്യക്തമാക്കുന്ന അച്ചടിച്ച റൂട്ട് മാപ്പും ഭക്തർക്ക് നൽകും .

സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർക്കായി വിപുലമായ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ്  ഒരുക്കിയിട്ടുള്ളത്.
തീർഥാടകരുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി വനം, പോലീസ്, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സത്രം, പുൽമേട്, കാനനപാത എന്നിവിടങ്ങളിൽ വനംവകുപ്പ് ഉദ്യാഗസ്ഥരുടെയും പോലീസിന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.  വനം വകുപ്പ് ഉദ്യോഗസ്ഥർ പാതയിലൂടെ സഞ്ചരിച്ച് വന്യമൃഗ ശല്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് തീർഥാടകരെ കടത്തി വിടുന്നത്.  തീർഥാടകരെ സഹായിക്കാൻ പാതയിലുടനീളം ഇക്കാ ഗാർഡുമാരെയും നിയോഗിച്ചിട്ടുണ്ട്.
കാനനപാതകളിലെ ശുചീകരണം, യാത്രാതടസ്സങ്ങൾ നീക്കം ചെയ്യൽ, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ്–ദിശാ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനുള്ള മുൻകരുതൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കാനനപാതയിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. സത്രം–പുൽമേട്–കരിമല മേഖലകളിൽ വനം വകുപ്പിന്റെ സർവീസ് പോയിന്റുകൾ  പ്രവർത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സത്രം മേഖലയിലെ താൽക്കാലിക ഡിസ്പെൻസറി, മൊബൈൽ മെഡിക്കൽ യൂണിറ്റ്, പുൽമേട്ടിലെ മെഡിക്കൽ സേവനങ്ങൾ എന്നിവയിലൂടെ തീർഥാടകർക്ക് ആരോഗ്യസഹായം ലഭ്യമാക്കും.
യാത്രയ്ക്കിടയിൽ ആശയവിനിമയ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി സത്രം ഉൾപ്പെടെയുള്ള കാനനപാതയിലെ വിവിധ കേന്ദ്രങ്ങളിൽ വി.എച്ച്.എഫ് ആശയവിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ ആർ.ആർ.ടി., സർപ്പ ടീം, ഇക്കോ ഗാർഡുകൾ എന്നിവരുടെ സേവനവും ലഭിക്കും.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാനനപാതയിൽ മാലിന്യശേഖരണത്തിനും തരംതിരിച്ചുള്ള സംസ്കരണത്തിനും സംവിധാനമൊരുക്കിയിട്ടുണ്ട്. ഹരിതചട്ടം കർശനമായി പാലിക്കും.  മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും താൽക്കാലിക കടകളിലും 2026 നവംബർ 15 മുതൽ 2027 ജനുവരി 15 വരെ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും  കുപ്പികളുടെയും വിൽപ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

കെ.കെ. റോഡിൽ വാളാർഡിയിലും വണ്ടിപ്പെരിയാറിലുമാണ്   ഇത്തവണ സ്പോട്ട് ബുക്കിംഗ് കേന്ദ്രം പ്രവർത്തിക്കുക. വാളാർഡിയിൽ വിശാലമായ പാർക്കിoഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരക്കേറുന്നതനുസരിച്ച് ഇവിടെ കൂടുതൽ സ്വകര്യങ്ങൾ ഒരുക്കും.

കാനനപാതയിലൂടെ യാത്ര ചെയ്യുന്ന ഭക്തർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വനമേഖലയിൽ മാലിന്യങ്ങൾ വലിച്ചെറിയാതെയും വന്യജീവികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും പരിസ്ഥിതി സൗഹൃദ തീർഥാടനം ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.