സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന സമഗ്ര ജീവൻരക്ഷാ പദ്ധതിയായ ‘ജീവ-സുയാത്ര’ മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിച്ചു. പദ്ധതിയുടെ ടീസറും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മിഷന്റെ ബ്രാൻഡ് അംബാസഡറായ നടൻ മമ്മൂട്ടി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ അധ്യക്ഷത വഹിച്ചു.
റോഡ് അപകടങ്ങളുടെ കാര്യത്തിൽ കേരളം ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ദിവസവും നിരവധി ജീവനുകളാണ് റോഡുകളിൽ നഷ്ടപ്പെടുന്നത്. അപകടങ്ങളിൽ കുട്ടികളും യുവാക്കളും കുടുംബത്തിന്റെ ഏക ആശ്രയമായവരും ഇരകളാകുന്നു. ഗുരുതരമായി പരിക്കേറ്റ് ജീവിതകാലം മുഴുവൻ ദുരിതമനുഭവിക്കേണ്ടിവരുന്നവരും നിരവധിയാണ്. ഈ സാഹചര്യത്തിന് മാറ്റം വരുത്താൻ സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡ് സുരക്ഷ ഗതാഗത വകുപ്പിന്റെയോ പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ മാത്രം ഉത്തരവാദിത്വമല്ല. ഓരോ പൗരനും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. നിയമങ്ങൾ പാലിക്കുന്നതും മറ്റുള്ളവരുടെ ജീവന് വിലകൽപ്പിക്കുന്നതും ജീവിതശൈലിയുടെ ഭാഗമാകണം. റോഡ് സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. നിയമലംഘനങ്ങൾക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണം. നിയമനടപടികളിൽ ജനപ്രതിനിധികളോ മറ്റാരെങ്കിലുമോ ശുപാർശകളുമായി ഇടപെടരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, ഗതാഗതസിഗ്നലുകളും നിയമങ്ങളും ലംഘിക്കൽ തുടങ്ങിയ പ്രവണതകൾ കർശനമായി നിയന്ത്രിക്കണം. നിയമലംഘകർക്ക് പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികളിൽ വിട്ടുവീഴ്ചയുണ്ടാകരുത്. ആവശ്യമെങ്കിൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്നതും സുരക്ഷിതമായ യാത്രയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിൽ വാഹനമോടിക്കുമ്പോൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന മലയാളികൾ സ്വന്തം നാട്ടിലും അതേ ഉത്തരവാദിത്വബോധം പുലർത്തണം. നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കണം. അടുത്ത ആറുമാസക്കാലം ശക്തമായ പരിശോധനകളും നടപടികളും തുടർന്നാൽ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ മികച്ച റോഡ് സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

