ആലപ്പുഴ: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ സമാധാനപൂർണ്ണമായ അന്തരീക്ഷം നിലനിർത്തുന്നതിനും ജനങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്കുവാനും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ. ജില്ലയിലെ ഓരോ പോലീസ് സ്റ്റേഷനിലേയും ലഭ്യമായ അംഗബലത്തിന് അനുസരിച്ച് ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കിയാണ് സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
ജനതിരക്ക് നിയന്ത്രിക്കുന്നതിന് പ്രധാന കവലകളിൽ പോലീസുകാരെ നിയോഗിച്ചു.
ജനത്തിരക്കിനിടയിൽ സാമൂഹ്യവിരുദ്ധരുടെ സാന്നിദ്ധ്യം ഇല്ലായെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.മോഷണം, പിടിച്ചുപറി, സ്ത്രി സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസ്സുകളിൽ മുൻകാലങ്ങളിൽ ഉൾപ്പെട്ടവരെ പരിശോധിക്കുവാനും ഇപ്പോഴത്തെ അവരുടെ പ്രവർത്തി, സാന്നിദ്ധ്യം എന്നിവരയെക്കുറിച്ച് വിശദമായി പരിശോധിച്ച് കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
രാത്രി സമയത്ത് പള്ളിയിൽ പോകുന്ന വിശ്വാസികൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ടി സമയത്ത് അവരുടെ വീടുകളിൽ മോഷണവും മറ്റും നടക്കുന്നതിന് സാധ്യത കണക്കിലെടുത്ത് പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
ബൈക്കിൽ എത്തി പിടിച്ചുപറി നടക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനായി കൂടുതൽ ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. കരോൾ സംഘങ്ങൾ എന്ന വ്യാജേന വീടുകളിൽ എത്തി മോഷണവും മറ്റും നടത്തുന്നത് തടയുന്നതിന് ജനമൈത്രി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
എല്ലാ പോലീസ് ഓഫീസർമാരും ക്രമസമാധാന പാലത്തിന് വ്യക്തിഗത ശ്രദ്ധ പതിപ്പിച്ച് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ക്രിസ്തുമസ് ഉത്സവകാലങ്ങളിൽ മദ്യ ഉപഭോഗം വർദ്ധിക്കുമെന്നതിനാൽ നിരോധിത മദ്യങ്ങളും മറ്റ് ലഹരിവസ്തുക്കളുടെയും വ്യാപനവും, അനധികൃത പടക്കകച്ചവടവും തടയുന്നതിന് ആവശ്യമായ റെയ്ഡുകളും മറ്റ് നിയനടപടികളും സ്വീകരിക്കും.
മതസൌഹാർദ്ദത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള എല്ലാ സംഭവങ്ങളെയും വിശദമായ അപഗ്രധിച്ച് ബന്ധപ്പെട്ട സ്ഥലങ്ങളിൽ പോലീസിന്റെ ജാഗ്രതയും സാന്നിദ്ധ്യവും ഉറപ്പുവരുത്തും.
ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് ഉയർത്തിയിട്ടുള്ള കൊടിതോരണങ്ങൾ, കമാനങ്ങൾ, ഫ്‌ലക്‌സ് ബോർഡുകൾ എന്നിവ നശിപ്പിക്കാതിരിക്കുന്നതിനും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ സത്വരനടപടികൾ സ്വീകരിക്കുന്നതിനും മറ്റുമായി കർശന പോലീസ് പട്രോളിംഗ് നടത്തുന്നതാണ്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് എതിരെയും, അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്ക് എതിരെയും ശക്തമായ നിയനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചെക്കിംഗ് കർശനമാക്കിയിട്ടുണ്ട്.
നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ കൃത്യമായി ഇടവേളകളിൽ ഉയർന്ന ഉദ്യോഗസ്ഥ•ാരുടെ നേതൃത്വത്തിൽ കർശനമായ പരിശോധന നടത്തുന്നതാണ്. കൂടാതെ ഷാഡോ പോലീസ്, പിങ്ക് പോലീസ്, പോലീസ് രഹസ്യാന്വേഷണ വിഭാഗം എന്നിവരേയും നിരീക്ഷണങ്ങൾക്കും, സത്വരനടപടികൾക്കുമായി ഫലപ്രദമായി വിന്യസിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.