കൊച്ചി: എറണാകുളം അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 37ാമത് പുഷ്പ-ഫല-സസ്യപ്രദര്‍ശനം കൊച്ചിന്‍ ഫ്ലവർ ഷോ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ തിരക്കിനിടയിൽ മനോഹരമായ പുഷ്പങ്ങളെ പരിചയപ്പെടാനും അതിൻറെ സാധ്യതകളെ കൂടുതലായി അറിയാനുമുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. നഗരവത്കരണത്തിന് പ്രയാസങ്ങൾക്കിടയിൽ പുഷ്പ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കേരളം വീണ്ടും പൂവണിയട്ടെ എന്നാണ് പ്രളയദുരിതത്തിനുശേഷം നടത്തുന്ന ഫ്ലവർ ഷോയുടെ മുദ്രാവാക്യം. ഫ്ളവർ ഷോയുടെ ലാഭവിഹിതം പൂര്‍ണ്ണമായും നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും.

കൊച്ചിയുടെ ചരിത്രത്തിലാദ്യമായി 50000 ചതുരശ്ര അടിയിലാണ് ഇത്തവണ പുഷ്പാലങ്കാരപ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.  4000 റോസ് ചെടികള്‍, 1500ലേറെ അപൂര്‍വ്വയിനം ഓര്‍ക്കിഡുകള്‍, ബോൺസായ് ചെടികൾ , ലില്ലിച്ചെടികള്‍, അഡീനിയം, ആന്തൂറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, വെജിറ്റബിള്‍ കാര്‍വിങ്, ഫ്രഷ് ഫ്ലവർ ഡെക്കറേഷന്‍, ടെറേറിയം, ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍, ക്രിസാന്തമം, ബാൾസം, അലങ്കാര കള്ളിച്ചെടികള്‍, യൂജീനിയ കുപ്പിക്കുള്ളിലെ പൂന്തോട്ടം തുടങ്ങിയവ വൈവിധ്യമാർന്ന ചെടികൾ ഡൂം, ബട്ടർഫ്ലൈ, ഡയമണ്ട് തുടങ്ങിയ ആകൃതികളിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. കൂടാതെ ഈന്തപ്പഴം കൊണ്ടുള്ള അരയന്നം, വള്ളത്തിൽ പ്രളയത്തെ അതിജീവിച്ച കേരളം, സർപ്പക്കാവ് തുടങ്ങിയവയുടെ നിശ്ചല ദൃശ്യവും പ്രദർശനത്തിനുണ്ട്. കേരളത്തിലെ 25ലധികം നഴ്സറികളിൽ നിന്നുള്ള വിത്ത്, വളം , ചെടി എന്നിവ മിതമായ നിരക്കിൽ വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട് .

കൃഷിവകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, നാളികേരവികസന ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കേരഫെഡ്, ഇന്‍ഫോപാര്‍ക്ക്, എംപിഇഡിഎ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശകരുടെ സംശയനിവാരണത്തിന് കൃഷിവകുപ്പിന്റെ സഹകരണത്തോടെ അഗ്രി ക്ലിനിക് സജ്ജമാക്കിയിട്ടുണ്ട്.  കൃഷിവകുപ്പിന്റെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് വീടുകളില്‍ പൂന്തോട്ടമൊരുക്കുന്നതു സംബന്ധിച്ചും, ചെടികൾ വളർത്തുന്ന രീതി, അസുഖങ്ങൾക്കുള്ള പരിചരണം, വളപ്രയോഗം എന്നിവയെ സംബന്ധിച്ച സംശയ നിവാരണ – ബോധവൽക്കരണ ക്ലിനിക്ക് പ്രത്യേകം സജീകരിച്ച പവലിയനിൽ ഉണ്ടാകും

ഫ്ളവർ ഷോയോടനുബന്ധിച്ച് പുഷ്പകുമാരൻ, പുഷ്പകുമാരി മത്സരം 12ന് നടക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മത്സരം.
മറൈൻഡ്രൈവ് മൈതാനത്ത് നടക്കുന്ന ഫ്ളവർ ഷോ ജനുവരി 13 ന് അവസാനിക്കും . രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുമണിവരെയാണ് പ്രദര്‍ശനം.  60 രൂപയാണ് പ്രവേശന പാസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രവേശനം ലഭിക്കും.   ജനുവരി 14 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വളരെ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ചെടികൾ പ്രദർശന മൈതാനിയിൽ നിന്നും മിതമായ നിരക്കിൽ വാങ്ങാൻ സാധിക്കും.

ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയിൻ മുഖ്യപ്രഭാഷണം നടത്തി. കെ. വി തോമസ് എം.പി , ജിസിഡിഎ ചെയർമാൻ അഡ്വ. വി സലീം, കൊച്ചിൻ ഫ്ലവർ ഷോ ഓർഗനൈസിംഗ് കമ്മറ്റി സെക്രട്ടറി അഡ്വ. റ്റി.ആർ. രജ്ഞിത്ത്, അഗ്രി ഹോർട്ടികൾച്ചർ വൈസ് പ്രസിഡണ്ട് വി കെ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.