കൊച്ചി : മികച്ച ചികിത്സാ സേവനസൗകര്യങ്ങൾ ഒരുക്കി തൃക്കാക്കര നഗര പ്രാഥമികാരോഗ്യകേന്ദ്രം സംസ്ഥാനത്തെ ഏറ്റവും മികച്ച അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിലെ കായകല്‍പ്പ് പുരസ്കാരം കരസ്ഥമാക്കി. രണ്ട് ലക്ഷം രൂപയാണ് പുരസ്കാരതുകയായി ആരോഗ്യകേന്ദ്രത്തിന് ലഭിക്കുക.
സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി നല്കുന്ന പുരസ്കാരമാണ് കായകല്‍പ്പ്. നഗര പ്രാഥമികാരോഗ്യകേന്ദ്രം വിഭാഗത്തില്‍ മത്സരിച്ചാണ് തൃക്കാക്കര നഗര പ്രാഥമികാരോഗ്യകേന്ദ്രം ഒന്നാം സ്ഥാനം നേടിയത്.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പരിശോധനയിലൂടെയാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തത്. ആശുപത്രിയുടെ വൃത്തി, പരിസരശുചിത്വം, ഭൗതികസാഹചര്യങ്ങള്‍, അണുബാധ നിയന്ത്രണം, മാലിന്യസംസ്കരണം, ആരോഗ്യബോധവത്കരണം തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകിയത്.
നഗരപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യസൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനായി ദേശീയ ആരോഗ്യദൗത്യം നഗരസഭകളുടെ സഹകരണത്തോടെയാണ് നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ആരംഭിച്ചത്.
2015 ജൂണിലാണ് കെന്നഡി മുക്കില്‍
തൃക്കാക്കര നഗര പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. രണ്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍, രണ്ട് സ്റ്റാഫ് നേഴ്സുമാര്‍, ഒരു ഫാര്‍മസിസ്റ്റ്, ഒരു ലാബ് ടെക്നീഷ്യന്, അഞ്ച് ജൂനിയര്‍ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ, ക്ലീനിംഗ് സ്റ്റാഫ് എന്നിവർ ആരോഗ്യകേന്ദ്രത്തിലുണ്ട്. തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒ പി, ലാബ്, ഇമ്മ്യൂണൈസേഷന്‍, ഇ സി ജി, ഐ യു ഡി തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. വെള്ളിയാഴ്ചകളില്‍ ത്വക്ക് രോഗ ക്ലിനിക്കും ബുധനാഴ്ചകളില്‍ ശിശു രോഗക്ലിനിക്കും മാസത്തിലെ ആദ്യ വെള്ളിയാഴ്ച മാനസികാരോഗ്യക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്. പാലിയേറ്റീവ് കെയര്‍ സേവനങ്ങളും കേന്ദ്രത്തിലുണ്ട്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ
നേതൃത്വത്തിലുള്ള ഭവനസന്ദര്‍ശനവും നഗര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ട്. 12 ആശമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. ഫീല്‍ഡുതലത്തില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തനം നടത്തുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി 12 മഹിളാ ആരോഗ്യസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
ഫോട്ടോ ക്യാപ്ഷൻ: അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ കായകല്‍പ്പ് പുരസ്കാരം നേടിയ തൃക്കാക്കര നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം