കൊച്ചി: 2018-ലെ കേരള മെട്രോപൊളിറ്റന്‍
ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി തെളിവെടുപ്പ് നടത്തി. എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മറ്റി ചെയര്‍മാൻ
ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിലാണ് സെലക്ട് കമ്മറ്റി തെളിവെടുപ്പ് നടത്തിയത്ത്.

നഗരത്തിലെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സേവനം ലഭ്യമാക്കണമെന്ന് പൊതു ആവശ്യമുയർന്നു. 15 വർഷമായി വൈപ്പിൻ മേഖലയിൽ നിന്നുള്ള ബസ്സുകൾ നഗരത്തിൽ പ്രവേശിക്കാതെ ഹൈക്കോടതി ജംഗ്ഷനിലാണ് യാത്ര അവസാനിപ്പിക്കുന്നത്. വൈപ്പിൻ മേഖലയിൽനിന്നുള്ള ബസ്സുകൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് കൂടി ലൈസൻസ് എക്സ്റ്റൻഷൻ നൽകണം എന്ന് വിവിധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നഗരത്തിനുള്ളിൽ റിങ് റോഡുകളും കണക്ടിവിറ്റി പാലങ്ങളും യാഥാർത്ഥ്യമാക്കണം . വൈറ്റില ഹബ്ബിന് അടുത്തായി റെയിൽവേ സ്റ്റേഷൻ അത്യാവശ്യമാണ്. നഗരത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വാഹനപാർക്കിങ് തുക കുറയ്ക്കണം. സൈക്കിൾ യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കണം. ബസ്സുകളുടെ മത്സര ഓട്ടം കുറയ്ക്കാൻ ബസ് സമയം ഏകീകരിക്കണം. സ്മാർട്ട് കാർഡ് ടിക്കറ്റിംഗ് നടപ്പിലാക്കുമ്പോൾ സർക്കാരിലേക്ക് അടയ്ക്കേണ്ട സർവീസ് ചാർജ് കുറയ്ക്കണം. പല സ്ഥലങ്ങളിലും കാൽ നടപ്പാതയില്ല.

പൊന്നുരുന്നി മേൽപ്പാലത്തിൽ യാത്രക്കാർക്ക് നടപ്പാതയില്ല. കൂടാതെ സിഗ്നൽ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടാണ്. രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ട്. ജലഗതാഗത വകുപ്പിനെ കൂടെ അതോറിറ്റിയിൽ ഉൾപ്പെടുത്തണം. പൊതുഗതാഗതം ഭിന്നശേഷി സൗഹൃദം ആക്കണം എന്നീ ആവശ്യങ്ങൾ സെലക്ട് കമ്മിറ്റിയുടെ മുമ്പിൽ അവതരിപ്പിച്ചു.

പോലീസും മോട്ടോർവാഹനവകുപ്പും പിഴ ഈടാക്കുന്നത് കൂടാതെ മെട്രോപൊളിറ്റൻ
ട്രാൻസ്പോർട്ട് അതോറിറ്റിയും പിഴ ഈടാക്കുമോ എന്ന ആശങ്ക പലരും രേഖപ്പെടുത്തി.

കൊച്ചി മെട്രോയുടെ ഭാഗമായി നഗരഗതാഗത ഏകോപനത്തിന് പദ്ധതി നിർദേശമുണ്ടായിരുന്നു. മെട്രോയുള്ള നഗരങ്ങളിൽ ഒരു വർഷത്തിനുള്ളിൽ ഏകീകൃത മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (ഉംട്ട) വേണമെന്ന് 2017-ലെ മെട്രോ റെയിൽ നയത്തിലുണ്ട്.

കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നിലവിൽ വരുന്നതോടെ നഗര ഗതാഗതത്തിന്റെ ആസൂത്രണം, മേൽനോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവ നടപ്പാക്കും. വിവിധ ഗതാഗതസംവിധാനങ്ങൾ ഒരു കുടക്കീഴിൽ ആകും. മോട്ടോർ ഇതര ഗതാഗതത്തിനും ഊന്നൽ നൽകും . നടപ്പാതയും സൈക്കിൾ ട്രാക്കും റോഡിന്റെ ഭാഗമാകും. യാത്രക്കാർക്ക് വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടും.സ്മാർട്ട് കാർഡ് അധിഷ്ഠിത ടിക്കറ്റിങ് നിലവിൽ വരും.

കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ സെലക്ട് കമ്മിറ്റി അംഗങ്ങളായ ഹൈബി ഈഡൻ, പി ടി തോമസ്, ജോൺ ഫെർണാണ്ടസ്, വി അബ്ദുറഹിമാൻ, ടി.എ അഹമ്മദ് കബീർ, സി.ദിവാകരൻ, മുല്ലക്കര രത്നാകരൻ, സി കെ നാണു എന്നീ എംഎൽഎമാരും എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ്, ട്രാൻസ്പോർട്ട് കമ്മീഷണർ കെ പത്മകുമാർ, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഗതാഗതരംഗത്തെ ട്രേഡ് യൂണിയനുകൾ, സംഘടനാപ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, റസിഡന്റ് അസോസിയേഷനുകളുടെ പ്രതിനിധികൾ തുടങ്ങിയവർ തെളിവെടുപ്പിൽ പങ്കെടുത്തു.