കൊച്ചി: നവീകരിച്ച എളങ്കുന്നപ്പുഴ ഹൈ – ടെക്ക് പഞ്ചായത്ത് ഓഫീസ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി ഉദ്ഘാടനം ചെയ്തു. നക്ഷത്ര ഹോട്ടലിന്റെ മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന പഞ്ചായത്ത് ഓഫീസിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഫീസ് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈപ്പിന്‍ പള്ളിപ്പുറം സംസ്ഥാന പാതയില്‍ മാലിപ്പുറത്താണ് എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
തിക്കും തിരക്കും ഒഴിവാക്കാന്‍ ക്യൂ മാനേജ്മെന്റ് സിസ്റ്റം, ഫ്രണ്ട് ഓഫിസ്, ഓപ്റ്റിമൈസര്‍ റെക്കോര്‍ഡ് റൂം, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്ക്, കുടിവെള്ള സംവിധാനം, ആധുനിക ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍ തുടങ്ങിയവയെല്ലാം പുതിയ ഓഫിസിലുണ്ട്. 55 ലക്ഷം രൂപ ചെലവിട്ടാണ് പഞ്ചായത്ത് ഓഫിസ് കെട്ടിടം നവീകരിച്ചത്.
ഓൺലൈൻ സംവിധാനമുപയോഗിച്ച് നിമിഷങ്ങൾക്കകം സർട്ടിഫിക്കറ്റുകൾ ലഭിക്കും. നൂതനമായ ഒപ്റ്റിമൈസർ റെക്കോഡ് റൂം സംവിധാനമാണ് ഫയലുകൾ സൂക്ഷിക്കുന്നതിന് ഒരുക്കിയിരിക്കുന്നത്. 2015 മുതലുള്ള രേഖകൾ ക്രമപ്രകാരം രജിസ്റ്ററുകളിൽ ചേർത്ത് ഡിജിറ്റൈലൈസ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. സോളാർ പാനലുകൾ സ്ഥാപിച്ച് സൗരോർജത്തിലാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്.
ധനകാര്യ കമ്മീഷൻ ഗ്രാന്റ് , റോഡ് ഇതര മെയിന്റനൻസ് ഗ്രാന്റ്, തനത് ഫണ്ട് എന്നിവയിൽ നിന്നാണ് നവീകരണത്തിന് തുക കണ്ടെത്തിയത് . പഞ്ചായത്തിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടി മികവിന്റെ കേന്ദ്രമാക്കാനാണ് ലക്ഷ്യമിട്ടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
നവീകരിച്ച കെട്ടിടം, ഫ്രണ്ട് ഓഫീസ്, റെക്കോർഡ് റൂം, സോളാർ സിസ്റ്റം , ഹെൽപ് ഡെസ്ക്ക് , ക്യൂ മാനേജ്മെൻറ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനവും നടന്നു.
എം.ജി എൻ.ആർ.ഇ.ജി.എസ് ഓഫീസ്, കോൺഫറൻസ് ഹാൾ, എൽ.എസ്.ജി.ഡി എഞ്ചിനീയറുടെ കാര്യാലയം, മത്സ്യഭവൻ, വിഇഒ ഓഫീസ് , കമ്പ്യൂട്ടർ പഠനകേന്ദ്രം, ഐസിഡിഎസ് സൂപ്പർവൈസറുടെ കാര്യാലയം, പൊതുജനങ്ങൾക്കായി പ്രത്യേക ഇരിപ്പിടങ്ങൾ, കുടിവെള്ള സംവിധാനം, ആധുനിക ശുചിമുറി, എന്നിവ നവീകരിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലുണ്ട്.
എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ റോസ് മേരി ലോറൻസ്, സോനാ ജയരാജ് ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാൽ , പഞ്ചായത്ത് സെക്രട്ടറി മിജോയ് മൈക്കിൾ, ചേരാനല്ലൂർ, മുളവുകാട്, പഞ്ചായത്ത് പ്രസിഡന്റ്മാരായ സോണി ചീക്കു, വിജി ഷാജൻ, പഞ്ചായത്ത് മെമ്പർമാർ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.