ജില്ലയുടെ സമഗ്രവികസനത്തിന് നിലവിലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും നവീന ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി പുതിയ പദ്ധതികളും വികസന കാഴ്ചപ്പാടും രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു മുന്‍കൈയെടുത്ത് ജില്ലയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം നടപ്പാക്കുന്നു. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു അപേക്ഷ ക്ഷണിച്ച് അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്റേണ്‍സിനെ തിരഞ്ഞെടുത്തത്. ഉയര്‍ന്ന അക്കാദമിക് യോഗ്യതയുള്ള ഇവരുടെ ആശയങ്ങളെ പ്രയോഗവത്കരിച്ച് ജില്ലാ ഭരണകൂടത്തിനും ജില്ലയ്ക്കും പ്രയോജനപ്പെടുന്നതരത്തില്‍ ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ സാധ്യമാക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഏഴു ഇന്റേണ്‍സാണ് വിവിധ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ പി.അര്‍ജ്ജുന്‍, ബി എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ബിരുദധാരി കെ ആര്‍ അര്‍ജ്ജുന്‍ നമ്പ്യാര്‍, ബി എ സൈക്കോളജി ബിരുദധാരി അതിഷ് എം നായര്‍, ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരി കെ ഭാഗ്യ, സ്റ്റാറ്റിസ്റ്റിക്‌സില്‍് എം എസ് സി കരസ്ഥമാക്കിയ കെ എം മോനിഷ, എം എസ് സി കെമിസ്ട്രി പൂര്‍ത്തിയാക്കിയ ബി അമൃത,എം ബി എ ബിരുദധാരിയായ പി ശ്രീഖ എന്നിവരാണ് കളക്ടറുടെ ഇന്റേണ്‍സ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. കാസര്‍കോട് സിറ്റി ടൂറിസം, ബേക്കല്‍ ടൂറിസം, ജില്ലയുടെ ഹരിതവത്കരണം, പെരിയ എയര്‍സ്ട്രിപ്പ് പ്രൊജക്ട്, വാഹന ലേലം, ജലദൗര്‍ലഭ്യം പരിഹരിക്കുക, കായികമേഖലയില്‍ ജില്ലയെ ഒന്നാമതാക്കുക,കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന മധുരം പ്രഭാതം പദ്ധതി തുടങ്ങിയവയാണ് ഓരോ ഇന്റേണ്‍സിന്റെയും ചുമതലയില്‍ വരുന്നത്.
ഒരു പഞ്ചായത്ത് നിന്നും രണ്ടു സര്‍ക്കാര്‍ സ്‌കൂള്‍ വീതം ജില്ലയിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പത്തു സ്‌കൂളുകളിലെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം എത്തിച്ചു നല്‍കുന്ന മധുരം പ്രഭാതം പദ്ധതിയുടെ ചുമതല പി ശ്രീഖയ്ക്കാണ്. കാസര്‍കോട് നഗരവും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള ടൂറിസം സര്‍ക്യൂട്ട് വികസനം,നഗരങ്ങളിലെ റോഡുകളുടെ വികസനം എന്നിവയാണ് ബി അമൃതയുടെ ചുമതല.
ബേക്കല്‍ ടൂറിസം പദ്ധതി , ടൂറിസം അടിസ്ഥാന സൗകര്യ വികസനം, താമസസൗകര്യ വിപൂലീകരണം,പുതിയ ടൂറിസം മേഖലകളെ കണ്ടെത്തല്‍ എന്നിവ കെ മോനിഷയും, ജില്ലയെ മുളയുടെ തലസ്ഥാനമാക്കുക,മഞ്ചേശ്വരം താലൂക്കില്‍ 15,000 ഹെക്ടര്‍ മുള വച്ചു പിടിപ്പിക്കുക, ജല സംരംക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കുക, മണ്ണ് സംരംക്ഷണം,മുളയധിഷ്ഠിത വ്യവസായ വത്കരണം തുടങ്ങിയവയുടെ ചുമതല കെ ഭാഗ്യയ്ക്കുമാണ്. പെരിയ എസര്‍സ്ട്രിപ്പ് പദ്ധതി ചുമതല കെ ആര്‍ അര്‍ജ്ജുന്‍ നമ്പ്യാറിനും, വാഹനങ്ങളുടെ ലേലം ചുമതല പി അര്‍ജ്ജുനനുമാണ്. ജില്ലയുടെ കായിക കുതിപ്പിന് അവസരമൊരുക്കുകയാണ് അതീഷ്് എം നായരുടെ ചുമതല. കായിക മേഖലയില്‍ പതിമൂന്നാംസ്ഥാനത്ത് നില്‍ക്കുന്ന ജില്ലയെ ചിട്ടയായ പരിശീലനങ്ങളിലൂടെയും മോട്ടിവേഷനിലൂടെയും ഒന്നാമത് എത്തിക്കുക , എസ് സി ,എസ് ടി വിദ്യാര്‍ഥികളെ കായിക മേഖലയില്‍ ഉന്നത നിലവാരത്തേക്ക് ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നത്.