കോതമംഗലം: പി ഡബ്ല്യൂ ഡി എഞ്ചിനീയർമാർക്കായി നേര്യമംഗലത്ത് പണി കഴിപ്പിച്ചിട്ടുള്ള പരിശീലന കേന്ദ്രത്തിൽ റസ്റ്റ് ഹൗസ് നിർമ്മാണം പൂർത്തിയാക്കും. പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തികളുടെ ഭാഗമായാണ് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന്റെ നിർമ്മാണം പൂർത്തികരിക്കുന്നത്. ഇതിനായി 4.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.
ഇതോടനുബന്ധിച്ചുള്ള പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി.ഇലക്ട്രിക്കൽ പ്രവർത്തികൾ പുരോഗമിക്കുകയാണ്. ലിഫ്റ്റിന്റെ പണികളും ആരംഭിച്ചിട്ടുണ്ട്. മൂന്നാം ഘട്ടത്തിലെ റസ്റ്റ് ഹൗസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ഫ്ലോർ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഒന്നാം നിലയുടേയും,രണ്ടാംനിലയുടേയും നിർമ്മാണത്തിനു വേണ്ടിയുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
നേര്യമംഗലത്തെ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ചും ഇതോടനുബന്ധിച്ചുള്ള ക്വാളിറ്റി കൺട്രോൾ റീജിയണൽ ഓഫീസും, ലാബും പ്രവർത്തനമാരംഭിക്കുന്നതിന്റെ ആവശ്യകതയും ആൻറണി ജോൺ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചിരുന്നു.
റസ്റ്റ് ഹൗസിന്റെ നിർമ്മാണം പൂർണ്ണമായും പൂർത്തീകരിച്ചാൽ മാത്രമെ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിക്കുവാൻ കഴിയുകയുള്ളു എന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റസ്റ്റ് ഹൗസ് നിർമ്മാണ പൂർത്തീകരണത്തിനായി 4.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായത്.