തൃപൂണിത്തുറ: കേരളത്തിലെ ആദ്യത്തെ അൺമാൻഡ് സബ്സ്റ്റേഷൻ തൃപ്പൂണിത്തുറയിൽ പ്രവർത്തനമാരംഭിച്ചു. 66 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവ്വഹിച്ചു. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതി ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുന്നതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. 1000 മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. പുരഇടങ്ങൾക്ക് മുകളിൽനിന്ന് 500 മെഗാവാട്ടും ഡാമുകൾ ഉൾപ്പെടെ മറ്റ് മേഖലകളിൽനിന്ന് 500 മെഗാവാട്ടും സൗരോർജം ഉൽപ്പാദിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 40,000 പേർ പരിപാടിയുടെ ഭാഗമാകുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇടുക്കിയിൽ രണ്ടാം പവർ സ്റ്റേഷൻ സർക്കാർ പരിഗണിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇതിനായി പരിശോധനകൾ നടക്കുന്നുണ്ട്. ഇതുവരെ നടത്തിയ പരി ശോധകളുടെ അടിസ്ഥാനത്തിൽ നിലവിലുള്ള പവർ സ്റ്റേഷന് സമാന്തരമായി പുതിയ പവർ സ്റ്റേഷൻ സ്ഥാപിക്കും. 800 മെഗാവാട്ട് വൈദ്യുതി ഇതിലൂടെ ഉത്പാദിപ്പിക്കാൻ സാധിക്കും. വൈദ്യുതി ഉല്പാദനവും വിതരണവും കാര്യക്ഷമമായി നടപ്പിലാക്കുവാൻ ആധുനിക സംവിധാനങ്ങൾ കെഎസ്ഇബി ഏർപ്പെടുത്തും. അതിൻറെ ഭാഗമായാണ് ആളില്ലാത്ത സ്റ്റേഷനുകളും മറ്റും ആരംഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഡാമുകൾ ഉള്ളതിനാലാണ് പ്രളയ നാശനഷ്ടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിച്ചതെന്ന് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നതായി അദ്ദേഹം പറഞ്ഞു. ഡാമുകൾ ഇല്ലാത്ത അച്ഛൻകോവിലാർ, മീനച്ചിലാർ എന്നിവയിൽ ഡാം നിർമ്മിക്കുന്ന കാര്യം കേന്ദ്ര ജലകമ്മീഷൻ റിപ്പോർട്ടിൽ നിർദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ 820 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് സംഭവിച്ചത്. പ്രളയത്തെ തുടർന്ന് നഷ്ടപ്പെട്ട കണക്ഷനുകൾ 10 ദിവസംകൊണ്ട് പുനഃസ്ഥാപിച്ച കെ.എസ്.ഇ.ബി ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. വികസന പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എവിടെനിന്ന് ലഭിച്ചാലും അത് പറയുവാനുള്ള നീതിബോധം സംസ്ഥാന സർക്കാരിന് ഉണ്ട്. നിർദിഷ്ട കാലാവധിക്കു മുന്നേ സബ്സ്റ്റേഷൻ നിർമ്മാണം പൂർത്തീകരിച്ച കെ.എസ്.ഇ.ബി ജീവനക്കാരെയും കരാർ ഏറ്റെടുത്ത കമ്പനിയെയും മന്ത്രി അഭിനന്ദിച്ചു. നിർമ്മാണത്തിൽ മികച്ച സേവനം അനുഷ്ഠിച്ച ജീവനക്കാർക്ക് ഗുഡ് സർവീസ് എൻട്രി ശുപാർശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കെ. വി തോമസ് എം.പി വികസന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കണമെങ്കിൽ ജനങ്ങളുടെ സഹകരണമാണ് ഏറ്റവും ആദ്യം വേണ്ടത് എന്ന് പറഞ്ഞു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളും കെ.എസ്.ഇ.ബി ലിമിറ്റഡും സംയുകതമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇന്റഗ്രേറ്റഡ് പവർ ഡെവലപ്പ്മെന്റ് സ്കീം (ഐ.പി.ഡി.എസ്). പദ്ധതിയുടെ ഭാഗമായി 592.07 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തെ വൈദ്യുതി ശൃംഖല മെച്ചപ്പെടുത്തുന്നതിനായി 35.738 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട പ്രധാന പദ്ധതിയാണ് തൃപ്പൂണിത്തുറ 66 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ (ജി.ഐ.എസ്) സബ്സ്റ്റേഷൻ. 21.75കോടി രൂപയുടെ ഭരണാനുമതിയാണ് ഇതിന് ലഭിച്ചത്. നിലവിൽ തൃപ്പൂണിത്തുറ പ്രദേശത്തേക്ക് വൈദ്യുതി ലഭ്യമാകുന്നത് വൈറ്റില 110 കെ.വി, കണ്ടനാട് 110 കെ.വി, കണ്ടനാട് 66 കെവി എന്നീ സബ് സ്റ്റേഷനുകളിൽ നിന്നാണ്. രാജനഗരിക്ക് ഗുണമേന്മയുള്ള വൈദ്യുതി തൃപ്പൂണിത്തുറയിൽ തന്നെ സബ്സ്റ്റേഷൻ നിർമ്മിച്ച് വിതരണം സാധ്യമാക്കിയത് സർക്കാരിന്റെ അഭിമാനനേട്ടമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡ്വ. എം. സ്വരാജ് എം.എൽ.എ പറഞ്ഞു. തൃപ്പൂണിത്തുറയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് പുറമേ മരട് നഗരസഭ, ഉദയംപേരൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
മിൽമയിൽനിന്നും ലഭ്യമായിട്ടുള്ള സ്ഥലത്താണ് ആധുനികരീതിയിലുള്ള സബ്സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യയായ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന് ആയാണ് തൃപ്പൂണിത്തുറയിൽ സബ്സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായി കമ്പ്യൂട്ടർ വൽകരിച്ച സബ്സ്റ്റേഷനിലെ നിയന്ത്രണം ഇവിടേക്ക് പവർ നൽകുന്ന വൈറ്റില 110 കെ. വി സബ്സ്റ്റേഷനിൽ നിന്നാണ്. നിർദ്ദിഷ്ട സമയത്തിന് ഒന്നരമാസം മുമ്പ് പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചു.
ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൺ ചന്ദ്രികാദേവി, വൈസ് ചെയർമാൻ ഒ.വി സലിം, ഡയറക്ടർ ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ കെ.എസ്.ഇ.ബി പി. വിജയകുമാരി, ഡിസ്ട്രിബ്യൂഷൻ ആന്റ് ഐ.ടി കെ.എസ്.ഇ.ബി ലിമിറ്റഡ് പി. കുമാരൻ, തൃപ്പൂണിത്തുറ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നിഷാ രാജേന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജു കെ. വി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ കൃഷ്ണൻകുട്ടി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ഗിരീഷ്, കൗൺസിലർ ഫ്രാൻസിസ് കെ. വി തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാപ്ഷൻ: കേരളത്തിലെ ആദ്യ അൺമാൻഡ് ജി.ഐ.എസ് സബ്സ്റ്റേഷൻ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്യുന്നു