തീരദേശ സംരക്ഷണത്തിന് ആവശ്യമായ 25 പുലിമുട്ടുകള്‍ ഇരവിപുരം മുതലുള്ള തീരദേശത്ത് നിര്‍മിക്കാന്‍ 37 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി അവസാനത്തോടെ നിര്‍മാണം തുടങ്ങാനാകും. മയ്യനാട് പുതുതായി നിര്‍മിക്കുന്ന ഹൈജീനിക് ഫിഷ് മാര്‍ക്കറ്റിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വൃത്തി ഉറപ്പാക്കിയുള്ള ആധുനിക മീന്‍ മാര്‍ക്കറ്റുകളാണ് സംസ്ഥാനമൊട്ടാകെ നിര്‍മിക്കുന്നത്. ഇവിടെ തുടങ്ങുന്ന മാര്‍ക്കറ്റിന് സര്‍ക്കാരിന്റെ 1.51 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 15 ലക്ഷവുമാണ് വിനിയോഗിക്കുക. പള്ളിമുക്കില്‍ ഇരവിപുരം മണ്ഡലത്തിലെ മൂന്നാമത്തെ ഹൈജീനിക് മാര്‍ക്കറ്റിനും അനുമതി നല്‍കിയിട്ടുണ്ട്.
തീരദേശത്തിന്റെയാകെ സംരക്ഷണ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി പരവൂര്‍-പൊഴിക്കര റോഡ് നവീകരണം ബീച്ചുവരെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീന്‍, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ലക്ഷ്മണന്‍, വൈസ് പ്രസിഡന്റ് സിന്ധു, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലെസ്ലി ജോര്‍ജ്ജ്, യു. ഉമേഷ്, ബിന്ദു, സെക്രട്ടറി എസ്. സജീവ്, മറ്റു ജനപ്രതിനിധികള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം, തീരദേശ വികസന കോര്‍പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി.ടി.വി. കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.