കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര പ്രിന്റേഴ്‌സിലേക്ക് കടന്നുചെന്നാല്‍ നമ്മെ വരവേല്‍ക്കുന്നത് ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കിയ ഒരു കൂട്ടം പെണ്‍മുഖങ്ങളെയാണ്. ഉന്നത വിദ്യാഭ്യാസമൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത നാട്ടിന്‍പുറങ്ങളിലെ വെറും സാധാരണക്കാര്‍ എന്നാല്‍ എന്തും പഠിച്ചെടുക്കാനുള്ള ഇവരുടെ ആത്മവിശ്വാസവും പരിശ്രമവുമാണ് അക്ഷര പ്രിന്റേഴ്‌സ് എന്ന സംരഭത്തിന്റെ വിജയത്തിന് പിന്നില്‍. 2012ലാണ് അക്ഷര പ്രിന്റേഴ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നുമായി പത്തുപേരില്‍ തുടങ്ങിയ സംരംഭം ആറു വര്‍ഷം പിന്നിടുമ്പോഴേക്കും മികച്ച വരുമാനം ലഭിക്കുന്ന പ്രിന്റിങ് പ്രസ്സ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. പി.സിന്ധു, പി ബീന, എ കെ ബേബി, വത്സല,ദീപ, പുഷ്പലത,ടി പുഷ്പ, വിനീത എന്നിവരാണ് അക്ഷരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍മുഖങ്ങള്‍.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് വനിതകള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തന്നെ അപേക്ഷ ക്ഷണിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് പരിശീലന ക്ലാസും സംഘടിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് കുടുംബശ്രീ ജില്ലാമിഷന്റെയും പൂര്‍ണ പിന്തുണലഭിച്ചു. സംരംഭം തുടങ്ങുന്നതിനാവശ്യമായ മെഷിനറിയും ഫര്‍ണിച്ചറും ആദ്യഘട്ടത്തില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായാത്തില്‍ നിന്നു തന്നെ അനുവദിച്ച് കിട്ടിയിരുന്നു. തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും ചെയ്യുകയായിരുന്നു.
ആദ്യഘട്ടത്തില്‍ വാടക കെട്ടിടത്തിലാണ് അക്ഷര പ്രിന്റേഴ്‌സ് പ്രവര്‍ത്തനമാരംഭിച്ചത്. 2015 ആകുമ്പോഴേക്കും പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തിലേക്ക് ഇവര്‍ മാറി. തുടക്കത്തില്‍ കാര്യമായ വര്‍ക്കുകള്‍ ഒന്നും കിട്ടിയില്ലെങ്കിലും ആറു വര്‍ഷം പിന്നിടുമ്പോഴേക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബുകള്‍, സ്‌കൂള്‍, പഞ്ചായത്ത് എന്നിവയുടെ വര്‍ക്കുകള്‍ കിട്ടി തുടങ്ങിയിരിക്കുന്നു. കൂടാതെ തുടക്കത്തില്‍ ലോണ്‍ എടുത്ത അഞ്ചു ലക്ഷം രൂപ ആറു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും അടച്ചു തീര്‍ക്കാന്‍ ഇവര്‍ക്കു സാധിച്ചു. ആദ്യഘട്ടത്തില്‍ 50,000 രൂപയുടെ ജോലികളാണ് ലഭിച്ചിരുന്നെങ്കില്‍ ഇന്ന് മാസത്തില്‍ ഒരു ലക്ഷത്തിലധികം രൂപയുടെ വര്‍ക്കുകള്‍ കിട്ടിതുടങ്ങിയിരിക്കുന്നു. ഇന്ന് ഒരാള്‍ക്ക് 6000 രൂപ വരെ സ്ഥിരവരുമാനം ഇതിലൂടെ ലഭിക്കുന്നുണ്ട്. തുടക്കത്തിലെ ബുദ്ധിമുട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ന് തങ്ങള്‍ എല്ലാവരും തൃപ്തരാണെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.