സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 2.30 ലക്ഷം രൂപ പദ്ധതി തുകയുള്ള ഡീസൽ ഓട്ടോറിക്ഷ പദ്ധതിയിലേക്ക് 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം. സ്വയം തൊഴിൽ സംരംഭത്തിനുള്ള ആദിവാസി മഹിളാ സശാക്തീകരണൻ യോജനയിലേക്ക് യുവതികൾക്ക് അപേക്ഷിക്കാം. പട്ടികവർഗ്ഗ സംരംഭർക്കുള്ള വായ്പാപദ്ധതിയിലേക്ക് 18നും 55നും മദ്ധ്യേ പ്രായമുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതിയിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കുള്ള കാർ ലോൺ പദ്ധതിയിലേക്ക് സർക്കാർ വകുപ്പുകളിലോ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലോ, സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിലോ സ്ഥിരാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 21നും 48നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ അതതു ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
