കായംകുളം:അക്ഷരം പഠിക്കാന്‍ ശീതീകരിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂം,ചുവരിലെ ഡിജിറ്റല്‍ പ്രൊജക്ടറില്‍ തെളിയുന്നത് തങ്ങളുടെ ഇഷ്ടകഥാപാത്രങ്ങളായ ഛോട്ടാ ഭീമും,കാട്ടിലെ കണ്ണനുമടങ്ങുന്ന വമ്പന്‍ താരനിര,അവരോടൊപ്പമാണ് ഇനി കൃഷ്ണപുരത്തെ കുരുന്നുകള്‍ ആടിയും പാടിയും അക്ഷരം പഠിക്കുക.കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അങ്കണവാടിയിലെ കുരുന്നുകള്‍ക്കാണ് ഇനി ഹൈടെക്കായി പഠിക്കാന്‍ സാധിക്കുക.അങ്കണവാടിയിലെ ചുവരുകളില്‍ പണ്ട് കുരുന്നുകളുടെ തേങ്ങലായിരുന്നു നിറഞ്ഞിരുന്നതെങ്കില്‍ ഹൈടെക് ചുവരുകള്‍ നിറയെ കുരുന്നു കണ്ണുകള്‍ക്ക് കുളിര്മയേകുന്ന പല നിറങ്ങളിലുള്ള ചുവര് ചിത്രങ്ങളാണ്.
കൃഷ്ണപുരം പഞ്ചായത്തിലെ 37 ാം നമ്പര്‍ അങ്കണവാടിയില്‍ ഇന്ററാക്ടീവ് പ്രൊജക്ടര്‍ ബോര്‍ഡ്,എ.സി,ശിശുസൗഹൃദ ചുവര് ചിത്രങ്ങള്‍ എന്നിവ വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഐ.റഫീഖിന്റെയും സുമനുസ്സുകളുടേയും പ്രയത്നത്തിലൂടെയാണ് യാഥാര്‍ത്ഥ്യമായത്.കായംകുളം നിയോജകമണ്ഡലത്തിലെ ആദ്യ ഹൈടെക് അങ്കണവാടിയാണ് കൃഷ്ണപുരത്തേത്.
അടിസ്ഥാന സൗകര്യങ്ങളും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയുള്ള പഠനവും കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ ഏറെ ഗുണകരമാവുമെന്ന് അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് കായംകുളം എം.എല്‍.എ അഡ്വ:യു പ്രതിഭാ ഹരി പറഞ്ഞു.എല്ലാ തലങ്ങളിലും പഠന നിലവാരം ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.കൃഷ്ണപുരം പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ആറു ലക്ഷം രൂപയും മറ്റ് സുമനുസ്സുകള്‍ നല്കിയ തുകയും ഉപയോഗിച്ചാണ് അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് ബി.വിജയമ്മ ഉദ്ഘാടന യോഗത്തില്‍ അദ്ധ്യക്ഷയായി വാര്‍ഡ് മെമ്പറും പഞ്ടായത്ത് വൈസ് പ്രസിഡന്റുമായ ഐ.റഫീഖ്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡി.എസ് ആദില,ജനപ്രതിനിധികളായ അജയന് അമ്മാസ്,എന്‍ സോമലത തുടങ്ങിയവര്‍ സംസാരിച്ചു.