കൊച്ചി: പ്ലാസ്റ്റികിന്റെ വിപത്തുകൾ ഉച്ചത്തിലുള്ള പത്രവായനയിലൂടെ ജനമനസുകളിലേക്കെത്തിക്കുകയാണ് പറവൂർ സ്വദേശി പവിത്രൻ. കവലകളിലും ആള്‍ക്കൂട്ട സദസ്സുകളിലും പത്രം വായിച്ച് സാമൂഹ്യ മന:സാക്ഷി ഉണര്‍ത്തുന്ന പവിത്രന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ പറവൂരുകാർക്ക് സുപരിചിതനാണ്. പ്ലാസ്റ്റിക്കിനെതിരെ ശക്തമായ ബോധവത്കരണമാണ് ഇപ്പോൾ പവിത്രൻ പത്രവായനയിലൂടെ ഏറ്റെടുത്തിരിക്കുന്നത്.
പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അപകടത്തെക്കുറിച്ചും പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനത്തിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തികൊണ്ടും നടത്തിയ പത്രവായന നാട്ടുകാർക്ക് പുതിയ അനുഭവമായി. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ഒന്നിച്ച് കൂടിയ സദസ്സില്‍ പവിത്രന്റെ പത്രപാരായണം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്ലാസ്റ്റിക്ക് കിറ്റുകളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കി പകരം കടലാസ്/തുണിസഞ്ചികള്‍ ഉപയോഗിക്കുമെന്ന് ഉറപ്പാക്കി പ്രതിജ്ഞയും എടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രശ്മി എം.എ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി. ശ്രീദേവി, ജനറല്‍ð എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി.ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.