മൂവാറ്റുപുഴ: സംസ്ഥാനത്തെ ആദ്യ ഐ എസ് ഒ 9001-2015 അംഗീകാരം മൂവാറ്റുപുഴ വെറ്ററിനറി പോളി ക്ലിനിക്കിന് സ്വന്തം. മൂവാറ്റുപുഴ നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏക വെറ്റിനറി പോളിക്ലിനിക്കായ മൂവാറ്റുപുഴ വെറ്റിനറി പോളിക്ലിനിക്ക്. 1948 ല്‍ വെറ്ററിനറി ഹോസ്പിറ്റല്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ആശുപത്രി 1980ല്‍ വെറ്ററിനറി പോളി ക്ലിനിക്ക് ആയി അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ ഈ അംഗീകാരം നേടുന്ന ആദ്യത്തെ വെറ്ററിനറി പോളി ക്ലിനിക്കാണ് മൂവാറ്റുപുഴയിലേത്. സേവന ഗുണമേന്മയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഐ.എസ്.ഒ.അംഗീകാരം നേടണം എന്ന നയത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് വെറ്റിനറി പോളിക്ലിനിക്കുകളില്‍ നടത്തി വന്നിരുന്നത്. ഇവിടെ എത്തുന്ന പൗരന്മാര്‍ക്ക് തൃപ്തികരവും, കാലതാമസമില്ലാതെ സേവനം നല്‍കുന്നത് പരിഗണിച്ചാണ് ഐ.എസ്.ഒ അംഗീകാരം നല്‍കുന്നത്. ആശുപത്രിയിലെ മൃഗ പരിപാലന, മൃഗ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും, സര്‍ക്കാര്‍ സേവനങ്ങളുടെയും, ഓഫീസ് സംവിധാനത്തിന്റെയും പ്രവര്‍ത്തനം കാര്യക്ഷമവും മെച്ചപ്പെട്ടതുമാണന്ന് ഇത് സംബന്ധിച്ച് പരിശോധന നടത്തിയ സംഘം വിലയിരുത്തി. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന് മുന്നോടിയായി ഈ സ്ഥാപനത്തില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ വിവിധ ഘടകങ്ങള്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്തിയിട്ടുണ്ട്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും മൂവാറ്റുപുഴ നഗരസഭയുടെയും മൃഗ സംരക്ഷണ മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ കാര്യക്ഷമവും സമയബന്ധിതവും ആയി കര്‍ഷകരില്‍ എത്തിക്കുന്നതില്‍ ഇവിടുത്തെ ജീവനക്കാര്‍ സദാ പ്രതിബദ്ധമാണ്. നിലവില്‍ ഈ സ്ഥാപനത്തില്‍ ഒരു സീനിയര്‍ വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി സര്‍ജന്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ക്ലര്‍ക്ക്, ലാബ് ടെക്‌നീഷ്യന്‍, രണ്ട് അറ്റണ്ടര്‍, ഒരു പാര്‍ട് ടൈം സ്വീപ്പര്‍ എന്നിവര്‍ ജോലി ചെയ്യുന്നു. മൂവാറ്റുപുഴ താലൂക്കിന് കീഴിലുള്ള 17-ഓളം മൃഗാശുപത്രികളുടെ സര്‍ക്കാര്‍ പദ്ധതികള്‍ ഏകോപിപ്പിക്കുന്ന കോര്‍ഡിനേഷന്‍ ഓഫീസാണിത്. ബ്ലോക്കിന് കീഴില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി നൈറ്റ് സര്‍വ്വീസും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു.ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ഏക ലാബും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു. ഇതിന് പുറമേ അത്യാധുനീക സൗകര്യങ്ങളോട് കൂടിയ എ.സി.ഓപ്പറേഷന്‍ തിയേറ്ററും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പശുക്കള്‍ക്ക് കൃത്രിമ ബീജ ദാനത്തിന് പുറമെ കിഴക്കന്‍ മേഖലയിലെ ആടുകള്‍ക്കും ബീജം നല്‍കുന്നതിനുള്ള സൗകര്യവും ഇവിടെ യുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെയും, മൂവാറ്റുപുഴ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലുള്ള തെരുവ്നായ വന്ധീകരണ പദ്ധതിയായ എ.ബി.സി. പദ്ധതിയും ഇവിടെ നടന്ന് വരുന്നു. മൂവാറ്റുപുഴ നഗരസഭ ആശുപത്രിയില്‍ വൈഫൈ സൗകര്യവും ലാപ് ടോപ്പ് കമ്പ്യൂട്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏക വെറ്റിനറി പോളി ക്ലിനിക്കാണിത്. ജില്ലയില്‍ ആലുവ, മുളന്തുരുത്തി, പറവൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ വെറ്റിനറി പോളി ക്ലിനിക്കുള്ളത്. നിലവില്‍ സംസ്ഥാനത്ത് മൂന്ന് മൃഗാശുപത്രികള്‍ക്കാണ് ഐ.എസ്.ഒ. 9001-2008 അംഗീകരം ലഭിച്ചിരിക്കുന്നത്. കാസര്‍കോട് ഒന്ന്, തിരുവനന്തപുരത്ത് ഒന്ന്, എറണാകുളം ജില്ലയിലെ ഊരമന മൃഗാശുപത്രികള്‍ക്കാണ് നിലവില്‍ ഐ.എസ്.ഒ. 9001-2008 അംഗീകരം ലഭിച്ചത്. മൂവാറ്റുപുഴ വെറ്റിനറി പോലിക്ലിനിക്കിന് ഐഎസ്ഒ 9001-2005 അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തെ ആദ്യ വെറ്റിനറി പോളിക്ലിനിക്കായി മൂവാറ്റുപുഴമാറി. മൂവാറ്റുപുഴ മൃഗാശുപത്രിയ്ക്ക് ഐ.എസ്.ഒ. 9001-2005 അംഗീകരം ലഭിക്കുന്നതിനുള്ള നടപടികള്‍ക്കായി അഞ്ച് ലക്ഷം രൂപ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.