* സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹകരണ വകുപ്പിന്റെ ‘കെയർ ഹോം’ പദ്ധതി പ്രകാരം നിർമാണം പൂർത്തിയായ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. താക്കോൽദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജഗതി സഹകരണ ഭവനിൽ നിർവഹിച്ചു.
സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനൊപ്പം എല്ലാ ജില്ലകളിലും പ്രത്യേകം തയ്യാറാക്കിയ വേദിയിൽ തത്സമയ സംപ്രേഷണ സൗകര്യമൊരുക്കി ഒരേസമയം താക്കോലുകൾ കൈമാറി. സംസ്ഥാനമാകെ 231 പേർക്കാണ് പൂർത്തിയായ വീടുകൾ കൈമാറിയത്. തിരുവനന്തപുരം ജില്ലയിൽ 16 പേർക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ ലഭിച്ചത്.  ഏപ്രിലോടെ  രണ്ടായിരം വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണസംഘത്തിന്റെ കരുത്തും വിശ്വാസവും സമൂഹത്തിന്റെ പൊതു ആവശ്യത്തിലേക്ക് കൃത്യമായി ഉപയോഗിക്കാനായതിന്റെ വിജയമാണ് കെയർ ഹോം പദ്ധതി. 2000 വീടുകൾ പൂർത്തിയായാൽ മറ്റൊരു 2000 വീടുകൾ ലൈഫ് പദ്ധതി വഴി നിർമിച്ചുനൽകുന്നത് സഹകരണ വകുപ്പിന്റെ ആലോചനയിലാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ വി. ജോയ് എം.എൽ.എ, സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി ഇ. ദേവദാസൻ, വി. സനൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ സെക്രട്ടറി മിനി ആൻറണി സ്വാഗതം പറഞ്ഞു.
സഹകരണ വകുപ്പ് സമാഹരിച്ച ഫണ്ടിൽ നിന്നും ഒരു വീടിന് നാലു ലക്ഷം രൂപ വീതവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം ചേർത്ത് അഞ്ചു ലക്ഷം രൂപയാണ് ഒരു വീടിനായി മുടക്കിയത്. പലയിടങ്ങളിലും കൂടുതൽ തുക കണ്ടെത്തി അതും വീട് നിർമ്മാണത്തിന് ഉപയോഗിച്ചു. നിർമ്മാണ പുരോഗതി ദിവസവും വിലയിരുത്തി സമയബന്ധിതമായാണ് വീട് നിർമ്മാണം നടത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനാണ് കെയർ ഹോം പദ്ധതിക്ക് മുഖ്യമന്ത്രി ചെങ്ങന്നൂരിൽ തുടക്കം കുറിച്ചത്. മൂന്നുമാസത്തിനുള്ളിലാണ് 231 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറാനായത്. ബാക്കി വീടുകൾ നിർമാണത്തിന്റെ പലഘട്ടത്തിലാണ്.