മലമ്പുഴയില്‍ ‘യക്ഷിയാനം’ തുടങ്ങി
കോണ്‍ക്രീറ്റില്‍ തീര്‍ത്ത അല്‍ഭുതമാണ് മലമ്പുഴയിലെ യക്ഷി. 80 നിറവിലും മനസ്സിന്റെ ആരോഗ്യത്തില്‍ ചെറുപ്പക്കാരനായ കാനായി കനത്ത സദാചാര വേട്ടയാടലുകളെ അതിജീവിച്ചാണ് ഇന്നത്തെ പ്രശസ്തിയില്‍ എത്തിയതെന്ന് പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ. കെ. ബാലന് പറഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ശില്പി കാനായി കുഞ്ഞിരാമനെ ആദരിക്കുന്ന ‘യക്ഷിയാനം’ 2019 മലമ്പുഴ ഉദ്യാനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭാവനയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ് മലനിരകളെ നോക്കി മുടി അഴിച്ച് ശാന്തഭാവത്തില്‍ നിലകൊള്ളുന്ന യക്ഷി. മലമ്പുഴ യക്ഷിയേക്കാള് മനോഹരമായ മറ്റൊരു ശില്പകാവ്യം കേരളത്തിലില്ലെന്ന് മന്ത്രി പറഞ്ഞു. ലളിതകലാ അക്കാദമിയുടെ ഉപഹാരവും മന്ത്രി എ.കെ. ബാലന് കാനായി കുഞ്ഞിരാമനും ഭാര്യക്കും സമ്മാനിച്ചു. മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയ യക്ഷിശില്പവും മന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന വിളംബര ഘോഷയാത്രയില്‍ നിരവധി കലാകാരന്മാര് അണിനിരന്നു.

മലമ്പുഴ യക്ഷിപാര്‍ക്കില്‍ നടന്ന പരിപാടിയില്‍ എം.ബി രാജേഷ് എംപി അധ്യക്ഷനായി. ലളിതകലാ അക്കാദമി ചെയര്മാന് നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്, ഭക്ഷ്യസുരക്ഷാ കമ്മീഷണറും സാഹിത്യക്കാരനുമായ കെ.വി മോഹന്‍കുമാര്‍, ആര്.ഡി.ഒ ആര് രേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാ രാമചന്ദ്രന്, ഡി. സദാശിവന്, ജില്ലാപഞ്ചായത്ത് അംഗം എ. രാജന്, പഞ്ചായത്ത് അംഗം എന്‍. ബാബു, ഗുരുവായൂര്‍ ചുമര്‍ചിത്രകല പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കൃഷ്ണകുമാര്‍, ടി.ആര് അജയന് സംസാരിച്ചു.

യക്ഷി നിര്‍മിക്കുന്ന സമയത്ത് തല്ല് കൊണ്ടിട്ടുണ്ട്: കാനായി
മലമ്പുഴയിലെ യക്ഷിപ്രതിമ നിര്‍മിച്ച സമയത്ത് സദാചാര സംരക്ഷക്കരുടെ തല്ല് കൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് ശില്പി കാനായി കുഞ്ഞിരാമന് പറഞ്ഞു. യക്ഷിയാനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാനായി. മലമ്പുഴയുടെ പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന രീതിയില്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി ഒരു കലാരൂപം നിര്‍മിക്കാനുള്ള ഉള്‍വിളിയോടെയാണ് മലമ്പുഴയിലെത്തിയത്. അമ്മയുടെ ശക്തി പ്രകടമാവുന്ന രീതിയില്‍ യക്ഷി രൂപമെടുത്തത് ഈ പശ്ചാത്തലത്തിലാണ്.