കെയര്‍ ഹോം പദ്ധതി: പ്രളയബാധിതര്‍ക്ക് 48 വീടുകള്‍ കൈമാറി
പ്രളയം ജില്ലയില്‍ സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയാണെന്നും അതില്‍ നിന്നും കരകയറുന്നതില്‍ സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എം.ബി രാജേഷ് എം.പി. പറഞ്ഞു. പ്രളയത്തില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ വകുപ്പിന്റെ ‘കെയര്‍ ഹോം’ പദ്ധതി മുഖേന ജില്ലയില്‍ നിര്‍മിച്ച 48 വീടുകളുടെ താക്കോല്‍ കൈമാറി സംസാരിക്കുകയായിരുന്നു എം.പി. ഷൊര്‍ണൂര്‍ സ്വദേശിനിയായ കോച്ചിക്ക് താക്കോല്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെയര്‍ ഹോം വീടുകളുടെ സംസ്ഥാനതല ഉദ്ഘാടനം തല്‍സമയ സംപ്രേക്ഷണത്തിലൂടെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
നവകേരള നിര്‍മിതിയിലൂടെ കേരളത്തില്‍ അസാധ്യമെന്ന് തോന്നിയ പ്രവര്‍ത്തനങ്ങളെല്ലാം സര്‍ക്കാര്‍ സാധ്യമാക്കിയിരിക്കുകയാണ്. നടത്താന്‍ നിശ്ച്ചയിച്ച കാര്യങ്ങള്‍ നടത്തുമെന്ന് തെളിയിച്ചിരിക്കുകയാണ്. പ്രളയബാധിതരാരും പെരുവഴിയിലാവില്ലെന്ന സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചിരിക്കുന്നു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഐക്യമാണ് കെയര്‍ ഹോം പദ്ധതതിയിലൂടെ സഹകരണ വകുപ്പ് യാഥാര്‍ഥ്യമാക്കിയതെന്നും എം.പി പറഞ്ഞു.

‘കെയര്‍ ഹോം’ പദ്ധതിയിലൂടെ നിര്‍മിച്ച വീട് ഷൊര്‍ണൂര്‍ സ്വദേശിനി കോച്ചിക്ക് എം.ബി രാജേഷ് എം.പി ആദ്യതാക്കോല്‍ കൈമാറുന്നു.

അഞ്ചുലക്ഷം ചെലവില്‍ 500 സ്‌ക്വയര്‍ഫീറ്റിലാണ് കെയര്‍ ഹോം ഭവനങ്ങള്‍ തയ്യാറാവുന്നത്. ഓരോ വീടിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും 95,100 രൂപയും സഹകരണവകുപ്പിന്റെ 4,04,900 രൂപയും മുടക്കിയാണ് നിര്‍മാണം നടത്തുന്നത്. ജില്ലയിലെ 13 സഹകരണസംഘങ്ങളാണ് സ്‌പോണ്‍സര്‍മാരായി മുന്നോട്ടുവന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ മോണിട്ടറിങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നെന്മാറ എം.എല്‍.എ. കെ.ബാബു അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡി .ബാലമുരളി മുഖ്യാതിഥിയായി. സംസ്ഥാന റിസ്‌ക് ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മമ്മികുട്ടി , ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനെജര്‍ ജില്‍സ് മോന്‍ ജോസ്, സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്് പി.എ.ഉമ്മര്‍, പാലക്കാട് സേവന സഹകരണ ബാങ്ക് സെക്രട്ടറി രമേഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് എം.രാമന്‍കുട്ടി, ജില്ലാ മോണിറ്ററിങ് സമിതി അംഗം പ്രൊഫ. സി മോഹന്‍ദാസ്, മണ്ണാര്‍ക്കാട് റൂറല്‍ സേവന സഹകരണ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്‍ , കണ്ണാടി സേവന സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ അനിത ടി. ബാലന്‍, ജോയിന്റ് രജിസ്ട്രാര്‍ എം.കെ.ബാബു എന്നിവര്‍ പങ്കെടുത്തു.