കേന്ദ്ര വനാവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പട്ടികവര്‍ഗ കോളനികളിലെ അര്‍ഹരായവര്‍ക്ക് വനഭൂമിക്ക് കൈവശരേഖ നല്‍കി. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമാപന പരിപാടിയില്‍ പറമ്പിക്കുളം ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍മാര്‍ക്ക് സാമൂഹിക വനാവകാശം, വനവിഭവ ശേഖരണ അവകാശം എന്നിവയിലാണ് കൈവശാവകാശരേഖ കൈമാറിയത്. കൂടാതെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണവും നടത്തി. ജില്ലയില്‍ 2018-19 വര്‍ഷത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ 25 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ് വിതരണം ചെയ്തത്.
വനാവകാശം നടപ്പാക്കുന്നതിന്റെ ഭാഗമായി വനവിഭവങ്ങള്‍ ശേഖരിച്ച് വിതരണം നടത്തി ജീവിത മാര്‍ഗം കണ്ടെത്തുന്നതിനാണ് വനംവകുപ്പ് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സാമൂഹിക വനാവകാശ രേഖ നല്‍കുന്നത്. ജില്ലയിലെ പറമ്പിക്കുളം കടുവാസങ്കേതത്തിലെ പട്ടികവര്‍ഗ കോളനികളായ പൂപ്പാറ, എര്‍ത്ത് ഡാം, അഞ്ചാം കോളനി, കടവ്, കുരിയാര്‍കുറ്റി, സുങ്കം എന്നീ കോളനി നിവാസികള്‍ക്കാണ് വനാവകാശ രേഖ വിതരണം ചെയ്തത്. മലയാളത്തില്‍ തയ്യാറാക്കിയ രേഖകള്‍ അതത് ഊരുമൂപ്പന്‍മാര്‍ക്ക് പട്ടികവര്‍ഗവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.മധുസൂദനന്‍ കൈമാറി. ജില്ലയില്‍ അട്ടപ്പാടി ഒഴികെയുള്ള പട്ടികവര്‍ഗ കോളനികളിലെ അര്‍ഹരായ 1262 പേര്‍ക്കാണ് പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വനാവകാശ രേഖ നല്‍കിയിരിക്കുന്നത്.
ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പട്ടികവര്‍ഗവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.മധുസൂദനന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം.മല്ലിക, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.രാജീവ്, ചിറ്റൂര്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.രാജലക്ഷ്മി, ഡി.എഫ്.ഒ അജിത്.കെ.രാമചന്ദ്രന്‍, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്(ഇന്‍ഡ്യ) അസോസിയേറ്റ് കോ-ഓഡിനേറ്റര്‍ ടിജു.എം.തോമസ് എന്നിവര്‍ പങ്കെടുത്തു.